
തൃശുർ: അച്ചാച്ചന്റെ ബുള്ളറ്റിൽ കയറിയിരുന്ന് യാത്ര ചെയ്ത നാൾ മുതൽ തുടങ്ങിയതാണ് പാട്ടുരായ്ക്കൽ സ്വദേശി അക്ഷയ്ക്ക് ( 24) റോയൽ എൻഫീൽഡിനോടുള്ള കമ്പം. 1989 ലായിരുന്നു അമ്മയുടെ അച്ഛൻ ശിവരാമൻ ബുള്ളറ്റ് സ്വന്തമാക്കുന്നത്. കുട്ടിക്കാലത്ത് മാമന്റെ കൂടെ ബുള്ളറ്റിലുള്ള യാത്രകൾ അക്ഷയ്‌യെ ബുള്ളറ്റിന്റെ ഫാനാക്കി.
പതിനെട്ട് തികഞ്ഞ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ മാമന്റെ സമ്മാനമായി ആ ബുള്ളറ്റ് അക്ഷയ്‌യുടെ കൈകളിലെത്തി. പിന്നീട് ആ വണ്ടിയിലായി യാത്ര. തൃശൂരിലെ റോയൽ എൻഫീൽഡ് ഷോ റൂമുകളുടെയും, വിവിധ ക്ലബുകളുടെയും ഭാഗമായി അനവധി ഷോകളിലും റൈഡുകളിലും പങ്കെടുത്തു. 2017 ൽ പഴയത് വിട്ട്, അക്ഷയ് റോയൽ എൻഫീൽഡ് ഹിമാലയൻ സ്വന്തമാക്കി. പിന്നീട് സഹയാത്രികരെ ചേർത്ത് തൃശൂർ കേന്ദ്രീകരിച്ച് ആദ്യമായി ഒരു ക്ലബ് രൂപീകരിച്ചു. അതിന് ശേഷം കേരളത്തിലെ ഹിമാലയൻ ഉടമകളെ മാത്രം ഉൾക്കൊള്ളിച്ച് വ്യാപ്തി വർദ്ധിപ്പിച്ചു. ഇപ്പോൾ 700 മെമ്പർമാർ അടങ്ങുന്ന ദി ഓഫ് റോഡേഴ്‌സ് എന്ന ക്ലബിൽ അയൽ സംസ്ഥാനങ്ങളിലെ റൈഡേഴ്‌സ് കൂടി ഉണ്ട്. ഉപരിപഠനത്തിനായി അക്ഷയ് വിദേശത്തേയ്ക്ക് പോകുമ്പോഴും രോഹിത്, കിതിൽ, പ്രണവ്, ജിഷ്ണു, അമേഷ്, രഞ്ജിത്ത്, വിനായക് എന്നിവരുടെ നേതൃത്വത്തിൽ ക്ലബിന്റെ പ്രവർത്തനം സജീവം.
കേരളത്തിലെ ഏറ്റവും കൂടുതൽ ഹിമാലയൻ ഉടമകൾ പങ്കെടുത്തിട്ടുള്ള ഷോ ആയ മലബാർ എക്‌സ്‌പോയിലും തൃശൂർ മോട്ടോർ സൈക്കിൾ എക്‌സ്‌പോയിലും നിരവധി പേരെ പങ്കെടുപ്പിച്ച് ദ ഓഫ് റോഡേഴ്‌സ് അവരുടെ സാന്നിദ്ധ്യം അറിയിച്ചു. പൊലീസിനും എക്‌സൈസിനുമായി ലഹരി വിരുദ്ധ പ്രചാരണങ്ങളും റോഡ് ഷോകളും സംഘടിപ്പിച്ചു. അക്ഷയ് ജർമനിയിൽ നിന്നും ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
ദി ഓഫ് റോഡേഴ്‌സ് ക്ലബ്
കൂട്ടമായി യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ഒരു കൂട്ടം ഹിമാലയൻ ഉടമകളാണ് അംഗങ്ങൾ. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കണ്ടെത്തിയ ശേഷം അതിലെ ഓഫ് റോഡുകൾ തെരഞ്ഞെടുത്ത് യാത്ര ആരംഭിക്കും. ഒരേ സമയം റൈഡ് ചെയ്യേണ്ട ദൂരം, വിശ്രമിക്കേണ്ട സ്ഥലം, അവശ്യ ഭക്ഷ്യ വസ്തുക്കൾ, കരുതേണ്ട സാമഗ്രികൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അതത് സമയങ്ങളിൽ ക്ലബ് ഭാരവാഹികൾ വേണ്ട നിർദ്ദേശം നൽകും. മാസത്തിൽ ഒരു ഏകദിന റൈഡും, ഒരു സ്റ്റേ റൈഡും നിർബന്ധമായും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.