covid

തൃശൂർ : ഓപറേഷൻ റേഞ്ചറുമായി പൊലീസും ഓപറേഷൻ ബ്രിഗേഡുമായി എക്‌സൈസും നാടാകെ അരിച്ചു പെറുക്കുമ്പോഴും വാളും തോക്കുമെടുത്ത് ക്രിമിനൽ സംഘം സ്വൈര ജീവിതം തകർക്കുന്നു. ജില്ലയിൽ അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായതിനെ തുടർന്നാണ് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എതാനും ദിവസങ്ങൾക്കുള്ളിൽ ഓപറേഷൻ റേഞ്ചറുമായി രംഗത്തിറങ്ങിയത്. സിറ്റി പൊലീസിന്റെയും റൂറലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് ദിവസത്തിനുള്ളിൽ നിരവധി ഗുണ്ടാ സംഘത്തിൽപ്പെട്ടവരെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കൂർക്കഞ്ചേരിയിൽ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപന ഉടമയെ മൂന്നംഗ ഗുണ്ടാ സംഘം വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാൽ കാലിലാണ് വെടിയേറ്റത്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയ്ക്ക് പുറകെ കച്ചവട സ്ഥാപനങ്ങളിലേക്കും അക്രമം വ്യാപിക്കുന്നതിൽ വ്യാപാരികൾ ആശങ്കയിലാണ് . കഴിഞ്ഞ ദിവസം കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ വെളിയന്നൂർ സ്വദേശി വിവേകിനെ തൃശൂർ എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

ഓപറേഷൻ ബ്രിഗേഡ്

വർദ്ധിച്ചു വരുന്ന മദ്യ - മയക്കു മരുന്ന് മാഫിയയുടെ പ്രവർത്തനം തടയുന്നതിന് എക്‌സൈസ് വകുപ്പ് ഓപ്പറേഷൻ ബ്രിഗേഡ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 15 പേർ പിടിയിലായി. കഴിഞ്ഞ 15 മുതലാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. പരിശോധനകളിൽ കഞ്ചാവ്, മയക്കുമരുന്ന്, കാർ എന്നിവയും പിടികൂടി. എക്‌സൈസ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സർക്കിളുകളുടെ നേതൃത്വത്തിൽ 19 സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ഇന്നലെ കുന്നംകുളത്ത് ആറ് കിലോയോളം കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ കഞ്ചാവ് കടത്തുന്നത് തടയാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവും ഉണ്ടായി. ഇതിൽ രണ്ട് പേരെ പിടികൂടി.

പിടിയിലായവർ



"ജില്ലയിൽ വർദ്ധിച്ച് വരുന്ന കഞ്ചാവ് മയക്കു മരുന്ന് കച്ചവടം തടയുന്നതിനായി ശക്തമായ പരിശോധന തുടരും.

കെ. പ്രദീപ് കുമാർ
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ.