തൃശൂർ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ദേശീയ പാതാ വികസനത്തെ സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ. കെട്ടിടങ്ങളിൽ കാലങ്ങളായി വാടകയ്ക്ക് വ്യാപാരം ചെയ്യുന്ന വ്യാപാരിക്ക് അർഹമായ നഷ്ടപരിഹാരം അവരുടെ വ്യാപാര കാലാവധിക്കനുസരിച്ച് നൽകണമെന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നതാണ്. നാളിതുവരെ ഈ വിഷയത്തിൽ അനുഭാവ പൂർണമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് സമിതി ഭാരാവാഹികൾ പറഞ്ഞു.
ദേശീയപാതാ അതോറിറ്റിയുടെയും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകുന്നതിനും, ഉചിതമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും വേണ്ടി ഒക്‌ടോബർ മാസം 21ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായിദേശീയ പാതയോരത്ത് ''ശ്രദ്ധ ക്ഷണിക്കൽ സമരം'' സംഘടിപ്പിക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, ജില്ലാ പ്രസിഡന്റ് ടി. ബാബു ആന്റണി, മിൽട്ടൺ ജെ. തലക്കോട്ടൂർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.