തൃശൂർ: മുന്നൊരുക്കങ്ങളില്ലാതെയും ചർച്ചകളില്ലാതെയും അജണ്ട പാസാക്കിയെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഓൺലൈൻ കൗൺസിൽ യോഗങ്ങൾക്കുള്ളതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിപക്ഷ അംഗങ്ങൾ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി യോഗത്തിൽ പ്രതിഷേധിച്ചു.
97 വിഷയങ്ങൾ പാസായതായി പ്രഖ്യാപിച്ച് മേയർ അജിത ജയരാജൻ 15 മിനിറ്റിനകം യോഗം പിരിച്ചുവിട്ടു. മുന്നൊരുക്കങ്ങളില്ലാത്ത യോഗത്തിൽ പങ്കെടുത്തവർക്ക് പോലും ഒന്നും കേൾക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും എൽ.ഡി.എഫ് ഭരണനേതൃത്വം കൗൺസിൽ യോഗം പ്രഹസനമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ യോഗം ചേരാനാകാത്ത സാഹചര്യത്തിൽ ഈ മാസത്തെ മൂന്നാമത്തെ ഓൺലൈൻ കൗൺസിൽ യോഗമായിരുന്നു ഇന്നലെ നടന്നത്. 22ന് വീണ്ടും ഓൺലൈൻ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. മേയർ ഉൾപ്പെടെ ഏതാനും എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിലിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.

കോൺഗ്രസിലെ രാജൻ ജെ. പല്ലൻ, ടി.ആർ. സന്തോഷ്, അഡ്വ. സുബി ബാബു, ഷീന ചന്ദ്രൻ, ബിന്ദു കുട്ടൻ എന്നിവർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ച് യോഗത്തിൽ പങ്കെടുത്തു.