trash

വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ അജൈവ മാലിന്യ നിർമ്മാർജ്ജന പദ്ധതി സുരഭിലം 2020 പൂർണ്ണമായി. പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും സമാഹരിച്ച 99.65 ടൺ അജൈവ മാലിന്യം സർക്കാർ അംഗീകൃത ഏജൻസിക്ക് കൈമാറി. പഞ്ചായത്തിനെ മാലിന്യ വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിലവിൽ പ്ലാസ്റ്റിക് മാലിന്യം മാത്രം വീടുകളിൽ നിന്ന് ശേഖരിക്കുന്ന ക്ലീൻ വെള്ളാങ്ങല്ലൂർ എന്ന പദ്ധതിയും ഈ സാമ്പത്തിക വർഷത്തെ 'അജൈവ മാലിന്യങ്ങൾ കയ്യൊഴിയൽ' എന്ന പദ്ധതിയും സംയോജിപ്പിച്ചാണ് സുരഭിലം പദ്ധതി നടപ്പാക്കിയത്.

ചില്ലുകൾ, കുപ്പികൾ, പ്ലാസ്റ്റിക്, ഇ വേസ്റ്റ്, ലോഹങ്ങൾ, ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, തെർമോകോൾ, സ്‌പോഞ്ച്, കുട, ചെരുപ്പ്, ബാഗ്, പി.വി.സി പൈപ്പുകൾ, ടയർ, ട്യൂബ് തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഒറ്റത്തവണയായി വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു. പഞ്ചായത്തിലെ 21 വാർഡുകളിലുമുള്ള ഹരിതകർമ്മസേന പ്രവർത്തകരും സുരഭിലം പദ്ധതിക്കായി പ്രത്യേകം തെരഞ്ഞെടുത്ത വളണ്ടിയർമാരും ഉൾപ്പെടുന്ന സംഘമാണ് മാലിന്യ ശേഖരണം നടത്തിയത്. ശേഖരിച്ചവ ചെറിയ വണ്ടികളിൽ കയറ്റി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിച്ചു. അവിടെ നിന്ന് ഏജൻസിക്ക് കൈമാറി.

കഴിഞ്ഞ വർഷം ക്ലീൻ വെള്ളാങ്ങല്ലൂർ പദ്ധതി പ്രകാരം ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം ശേഖരിച്ച് 12 ടൺ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. സുരഭിലം പദ്ധതിയുടെ വിജയത്തിനായി ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തിയ പാട്ടുവണ്ടി പഞ്ചായത്തിലാകെ പ്രചാരണം നടത്തി. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ സർവ്വേയും നോട്ടീസ് വിതരണവും നടത്തി.