അന്തിക്കാട്: കരുവന്നൂർ പുഴക്ക് കുറുകെ താന്ന്യം, കാട്ടൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം 22ന് ഉച്ചക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ഗീത ഗോപി എം.എൽ. എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നബാർഡിന്റെ സാമ്പത്തിക സഹായമായ 24 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലത്തിന് 82 മീറ്റർ നീളം ഉണ്ടായിരിക്കും. മൂന്ന് മീറ്റർ വീതിയിലായിരിക്കും റോഡിന്റെ നിർമ്മാണം.
റഗുലേറ്ററിൽ 12 മീറ്ററിൽ ആറ് ഷട്ടറുകളാണ് ഉണ്ടാവുക. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പി.സി കനാലിലെ ഉപ്പ് വെള്ളം കരുവന്നൂർ പുഴയിലേക്ക് കയറാതെ സംരക്ഷിക്കാനും കോൾ നിലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനും സഹായകമാകും. ഇതിനും പുറമേ അന്തിക്കാട്, താന്ന്യം, ചാഴൂർ, കാട്ടൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനും സാധിക്കും. താന്ന്യം കാട്ടൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനും പരിഹാരമാകും.
ഉദ്ഘാടന ചടങ്ങിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയാകും. മന്ത്രി വി.എസ്. സുനിൽകുമാർ, എം. പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, കെ.യു അരുണൻ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി.ഐ അബൂബക്കർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.