
തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ 'അമൃതം' പദ്ധതി വഴി ആയുർവേദ മരുന്ന് ക്വാറന്റൈനിൽ കഴിഞ്ഞ സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം പേർക്ക് നൽകി ശ്രദ്ധേയമായ പശ്ചാത്തലത്തിൽ ആയുർവേദ മരുന്ന് കൊവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന ആവശ്യം കേന്ദ്രസംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.
ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് പഠിച്ച് തുടർനടപടി എടുക്കാമെന്ന് കേന്ദ്രസംഘം ആയുർവേദ മരുന്ന് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഉറപ്പ് നൽകി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗവ. ആയുർവേദ ഡോക്ടർമാരെ ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുർരക്ഷാ ക്‌ളിനിക്കുകൾ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ 5 ശതമാനം ആളുകൾക്ക് മാത്രമാണ് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതെന്നും ഇതിൽ ആരും അത്യാസന്നനിലയിൽ ആയിരുന്നില്ല എന്നതും ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചായിരുന്നു ഈ പ്രവർത്തനം.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ ചെറുതുരുത്തിയിലുളള നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഞ്ചകർമ്മ ആശുപത്രിയുടെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി. ഇവിടെ എത്രയും പെട്ടെന്ന് കൊവിഡ് പൊസിറ്റീവ് ആയ രോഗികളെ പ്രവേശിപ്പിച്ച് 'അമൃതം' പദ്ധതിയിലെ മരുന്ന് നൽകി ചികിത്സ തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപരാജിത ധൂപചൂർണ്ണത്തിന്റെ ഗുണഫലം സംബന്ധിച്ച പഠനറിപ്പോർട്ടും കഴിഞ്ഞ ഏപ്രിൽ രണ്ടിന് തയ്യാറാക്കിയ പ്രോട്ടോകോൾ റിപ്പോർട്ടും ഡോ. നീരജ്കുമാർ ഗുപ്തയ്ക്ക് കൈമാറി.
കേരളത്തിൽ മാത്രം
ക്വാറന്റൈനിൽ ആയുർവേദ മരുന്ന് കഴിക്കുന്ന ഇത്രയും പേരിൽ മറ്റൊരു സംസ്ഥാനത്തും പഠനം നടത്തിയിട്ടില്ല. ആയുർവേദ മരുന്ന് കഴിച്ച എത്രപേർക്ക് കൊവിഡ് ബാധിച്ചുവെന്നും മരണം സംഭവിച്ചുവെന്നും അടക്കമുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പഠന, ഗവേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പഠനഫലം അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതിയും തേടി. ജേണലുകളിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ തന്നെ ആയുർവേദ മരുന്നിന് ആധികാരികത വരും. ആദ്യഘട്ടത്തിൽ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം) മാത്രമായിരുന്നു. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നേരിയ കൊവിഡ് ബാധയുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കും ആയുഷ് മരുന്നുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന മാർഗരേഖ ഡോ. ഹർഷ് വർധനും ആയുഷ് മന്ത്രി ശ്രീപദ് നായ്ക്കും പുറത്തിറക്കിയിരുന്നു.
'' ഈ പഠന റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളവ രാജ്യത്ത് നടപ്പിലാക്കണം
ഡോ. ഡി. രാമനാഥൻ
ജനറൽ സെക്രട്ടറി
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ.