കൊടകര: കുന്നത്തൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഷഷ്ഠി മഹോത്സവം കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകളിലൊതുങ്ങും. നവംബർ 20നാണ് ഷഷ്ഠി. 14ന് കൊടിയേറ്റം നടക്കും. ഷഷ്ഠി ദിവസം രാവിലെ അഞ്ചിന് ശേഷം ഓരോ കാവടി സംഘത്തിനും ക്രമത്തിൽ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്താനാകുമെന്നും അഭിഷേകത്തിനുള്ള കാവടിയും ചടങ്ങിനു മാത്രമുള്ള തകിൽ, നാദസ്വരവാദ്യവും ദേവസ്വം ഏർപ്പാട് ചെയ്യുമെന്നും പൂനിലാർക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
പൂനിലാർക്കാവ് ക്ഷേത്രം ഭജനമണ്ഡപത്തിൽ നടന്ന കാവടി സംഘങ്ങളുടെ യോഗത്തിലാണ് തീരുമാനം. ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. ഗോപി, രാമചന്ദ്രൻ പയ്യാക്കൽ, എം.കെ. രാമകൃഷ്ണൻ, ഡി. നിർമൽ എന്നിവരും വിവിധ കാവടിസംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
വിശ്വബ്രാഹണസമാജം, പി.എം.എസ് കാവുംതറ, മരത്തോംപിള്ളി പുലയർ സമുദായം, കുംഭാര സമുദായം, കാവിൽ പടിഞ്ഞാട്ടുംമുറി ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗർ, തെക്കുംമുറി യുവജനസംഘം, യുവജനസംഘം പുലിപ്പാറക്കുന്ന്, കൊടകര ടൗൺ, അഴകം യുവജനസംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, അരുണോദയം യുവജനസംഘം കാരൂർ, ഏകലവ്യ ഗാന്ധിനഗർ, നവചേതന വെല്ലപ്പാടി, കാവിൽ പടിഞ്ഞാറെനട കൂട്ടായ്മ എന്നീ കാവടി സംഘങ്ങളാണ് ആഘോഷത്തിൽ പങ്കാളികളാകാറുള്ളത്.
പൂനിലാർക്കാവിലെ നവംബർ 29ന് നടക്കുന്ന തൃക്കാർത്തിക മഹോത്സവവും ചടങ്ങുകൾ മാത്രമായി നടത്തും.