പുതുക്കാട്: ഉഴിഞ്ഞാൽപ്പാടത്ത് വൈദ്യുത ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ച മനോജ് മാട്ടിലിനെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കർഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പരിസ്ഥിതി നിയമജ്ഞൻ അഡ്വ. ഹരീഷ് വാസുദേവൻ അനുസ്മരണ യോഗം ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു. പരിഷത്തിന്റെ ഉഴിഞ്ഞാൽ കർഷക കൂട്ടായ്മ കൺവീനർ കൃഷ്ണൻ, സൗപർണിക മനോജിനെ അനുസ്മരിച്ചു.

കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജ് ഡീൻ, ഡോ. കെ. വിദ്യാസാഗർ മനോജ് മാട്ടിൽ സ്മാരക പ്രഭാഷണം നടത്തി. പാടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ വൈദ്യുത ലൈനുകളെയും സംബന്ധിച്ചു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പരിഷത്തിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മ അറിയിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷനായി. പി.കെ. അജയകുമാർ, മേഖലാ സെക്രട്ടറി പി.ആർ. ജിനേഷ്, കർഷക കൂട്ടായ്മാ പ്രവർത്തകരും മനോജിന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.