
മാള: മാള കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കാവൽക്കാരൻ പി.പി രാജന്റെ ജീവിത കഥയിൽ രാജീവ് ഗാന്ധിയും വേലുപ്പിള്ള പ്രഭാകരന്റെ പുലികളും കഥാപാത്രങ്ങളാണ്. മാള പൂപ്പത്തി സ്വദേശിയായ പള്ളിയിൽ പാറന്റെയും കൗസല്യയുടെയും മകൻ രാജൻ (57) തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരനായല്ല രാജന് വെടിയേറ്റത്. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. സിംഹളർ പോരാട്ടത്തിൽ സൈനിക നടപടികൾക്കായാണ് 1987 ആഗസ്റ്റിൽ ശ്രീലങ്കയിലേക്ക് പോയത്. ശ്രീലങ്കൻ സർക്കാരിന്റെ സംരക്ഷണ സേന എന്ന നിലയിൽ അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദൗത്യം.
ഇന്ത്യൻ പീനൽ കോഡ് ഫോഴ്‌സ് എന്ന പേരിലാണ് ശ്രീലങ്കയിൽ സൈനിക നടപടികൾക്കായി നിയോഗിക്കപ്പെട്ടത്.
1988 മേയ് 13 ന് എൽ.ടി.ടി.ഇയുടെ ആക്രമണത്തിൽ എ.കെ - 47 ഉപയോഗിച്ചുള്ള വെടിവെയ്പ്പിൽ വലത് ഷോൾഡറിൽ വെടിയുണ്ട തുളച്ചുകയറി. തുടർന്ന് ശ്രീലങ്കയിലെ സൈനിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ശരീരത്തിൽ വെടിയുണ്ടയുമായി ഹെലികോപ്റ്ററിൽ മദ്രാസ് സൈനിക ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു.
തുടർന്ന് പൂനെ സതേൺ കമാൻഡ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി മൂന്ന് മാസം ചികിത്സയിൽ കഴിഞ്ഞു. 1990 ൽ രാഷ്ട്രപതിയുടെ മെൻഷ്യൻ ഇൻ ഡിസ്പാച്ചസ് അവാർഡ് ലഭിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര കലാപം കൊടുമ്പിരി കൊണ്ട 1980 ന്റെ തുടക്കത്തിലാണ് തമിഴ് തീവ്രവാദികളെ അമർച്ച ചെയ്യാനുള്ള നീക്കത്തിന് പിന്തുണ നൽകിയത്.
റിസർച്ച് ആൻഡ് അനാലിസിസ് വിംഗാണ് (റോ) സൈനിക നടപടി നടത്തിയത്. ഇതിന്റെ തുടർച്ചയായി 1987 ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയും തമ്മിൽ ഒപ്പിട്ട ഇന്തോ ലങ്ക സമാധാന ഉടമ്പടി പ്രകാരമാണ് ഇന്ത്യൻ സമാധാന സേനയിൽ അംഗമായി രാജൻ അടക്കമുള്ള സേന ശ്രീലങ്കയിലേക്ക് പോയത്. കുഴൂർ പഞ്ചായത്തിലെ ഓവർസിയർ ബിന്ദുവാണ് ഭാര്യ. മക്കൾ: ബിൻരാജ് (ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദ വിദ്യാർത്ഥി), വൃന്ദ രാജൻ (സ്‌നേഹഗിരി ഹോളി ചൈൽഡ് , പ്ലസ് ടു വിദ്യാർത്ഥി).
സേവനം ഇങ്ങനെ
"ഇന്നും കാതിൽ മുഴങ്ങുന്നുണ്ട് ആ വെടിയൊച്ചകളും അലർച്ചകളും. ഭീകര പ്രവർത്തനങ്ങളുടെ തീവ്രത ശരിക്കും അനുഭവിച്ചു. നമ്മുടെ രാജ്യത്തിനായല്ലെങ്കിലും തീവ്രവാദത്തിനെതിരെ പൊരുതാൻ കഴിഞ്ഞു. ശ്രീലങ്കയിൽ അന്നത്തെ സാഹചര്യം അതിഭീകരമായിരുന്നു. പ്രാരബ്ധങ്ങൾ കാരണമാണ് സൈന്യത്തിൽ ചേർന്നതെങ്കിലും ജോലി ഇന്നും അഭിമാനമായി കരുതുന്നു.
പി.പി രാജൻ.