തൃശൂർ. പത്തു വർഷക്കാലമായി ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളി കളുടെ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് വഴി നിയമിച്ച 48 പേരെ ഇന്നലെ നടന്ന കോർപറേഷൻ കൗൺസിൽ സ്ഥിരപ്പെടുത്തി. തൃശൂർ കോർപറേഷനെ മാലിന്യമുക്തമാക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് മേയർ അറിയിച്ചു.

കൊവിഡ് കെയർ സെന്ററുകളിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് ദിവസവേതനം 750 രൂപയാക്കി വർദ്ധിപ്പിച്ചു. ലാലൂർ ഡിവിഷനിൽ നിർമാണം പൂർത്തീകരിക്കുന്ന ഓൾഡ് ഏജ് ഹോം പൂർത്തീകരിക്കാൻ 17 ലക്ഷം രൂപ അനുവാദിച്ചതയും മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.

വെള്ളവും വെളിച്ചവും റോഡുകളും അവതാളത്തിലാണെന്ന് ബി.ജെ.പി അംഗങ്ങളായ എം.എസ്. സമ്പൂർണയും കെ. മഹേഷും കൗൺസിൽ യോഗത്തിൽ പറഞ്ഞു. കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യ സംഭവമാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു.