ചാലക്കുടി: സംസ്ഥാനത്താകെ കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് നടത്തുന്ന വികസന വിരോധ പ്രകടനമാണ് ചാലക്കുടിയിലും കാണുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ചാണ് ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് കൗൺസിൽ അവരുടെ അവസാന കാലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ബസുകൾക്ക് അകത്തുകയറുന്നതിനുള്ള ഒരു നടപടിയും പൂർത്തീകരിച്ചിരുന്നില്ലെന്നും എം.എൽ.എ പറഞ്ഞു.

രണ്ടു കോടി രൂപയാണ് ഇപ്പോഴത്തെ കൗൺസിൽ ബസ് സ്റ്റാൻഡ് നിർമമ്മാണത്തിന് ചെലവഴിച്ചെതന്ന് സ്വാഗത പ്രസംഗം നടത്തിയ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ ചൂണ്ടിക്കാട്ടി. ആകെ 50 ലക്ഷം രൂപ മാത്രം ചെലവഴിച്ച് പേരിന് മാത്രം ഉദ്ഘാടനം നടത്തിയ അന്നത്തെ ഭരണസമിതിയാണ് ഇപ്പോൾ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇവരുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും വൈസ് ചെയർമാൻ കൂട്ടിച്ചേർത്തു.

ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, കൗൺസിലർമാരായ ഉഷ പരമേശ്വരൻ, വി.സി. ഗണേശൻ, സെക്രട്ടറി എം.എസ്. ആകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ബസുകൾ ചൊവ്വാഴ്ച മുതൽ സ്റ്റാൻഡിലെത്തും
ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ പുതിയ സ്റ്റാൻഡിൽ പ്രവേശിക്കും. പഞ്ചായത്തുകളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിലെത്തും. വർഷങ്ങളായി നിറുത്തിവച്ചിരിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ പൊലീസ് നിരീക്ഷണ കേന്ദ്രവും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.