
തൃശൂർ : മുറ്റിച്ചൂരിൽ ബി.ജെ.പി പ്രവർത്തകൻ നിധിൽ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പെരിങ്ങോട്ടുകര കിഴക്കുംമുറി സ്വദേശികളായ സ്മിത്ത്, വിജിൽ എന്നിവരാണ് പിടിയിലായത്. ഇവരെ ഗോവയിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഗൂഢാലോചനയിൽ ഇവർക്ക് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുവർക്കുമെതിരെ കൊലപാതകമടക്കം നിരവധി കേസുകൾ നിലവിലുണ്ട്. ഇന്നലെ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കി കൊടുത്ത ചേർപ്പ് ഊരകം സ്വദേശി കരിപ്പാംകുളം വീട്ടിൽ നിഷാദിനെ (28) അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെ നിധിൽ വധക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 11 ആയി. നേരത്തെ സനൽ, ശ്രീരാഗ്, അനുരാഗ് ,സായിഷ്, അഖിൽ, സംരക്ഷണം ഒരുക്കിയ സന്ദീപ്, ധനേഷ് പ്രിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 10ന് രാവിലെയാണ് മാങ്ങാട്ടുകരയിൽ വച്ച് കാറിലെത്തിയ സംഘം നിധിൽ ഓടിച്ചിരുന്ന കാർ തടഞ്ഞ് വലിച്ചിറക്കി വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം സ്മിത്തും വിജിലും ഗോവയിലേക്ക് കടക്കുകയായിരുന്നു. പിടികൂടിയ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നേരിട്ട് പങ്കെടുത്തവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾക്ക് ഒളിത്താവളമൊരുക്കിയത് സന്ദീപും നിഷാദുമാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതിൽ വല്ലച്ചിറ സ്വദേശിയായ സന്ദീപിനെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ എറണാകുളം, ആലപ്പുഴ, മണ്ണുത്തി മേഖലയിലാണ് ഒളിവിൽ കഴിഞ്ഞത്. മുഴുവൻ പ്രതികളെയും പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.