supplyco


തൃശൂർ: സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതിൽപ്പടി വിൽപ്പന ഈ മാസം 23 മുതൽ പ്രവർത്തന സജ്ജമാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് കൂടാതെ നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് അതേ വിലയിൽ വീടുകളിലേക്ക് ലഭ്യമാക്കുക എന്നതാണ് ഓൺലൈൻ വാതിൽപ്പടി വിൽപ്പനയുടെ ലക്ഷ്യം.

സപ്ലൈകോയുടെ ഓരോ വിൽപ്പനശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകരുടെ വിതരണ പരിധി, കൊടുക്കാവുന്ന പരമാവധി തൂക്കം, വിതരണത്തിന് ഈടാക്കാവുന്ന തുക എന്നിവ സംരംഭകർക്ക് തന്നെ തീരുമാനിക്കാം. വിൽപ്പനശാലകളിൽ നിന്നും ലഭിക്കുന്ന അതേ വിലയിൽ തന്നെയാണ് ഉപഭോക്താക്കൾക്ക് സാധനം ലഭ്യമാക്കുക. ഓരോ ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്ന സംരംഭകരുടെ ആപ്ലിക്കേഷനുകൾ ''പ്ലേസ്റ്റോറി''ൽ ലഭ്യമാണ്. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ഓൺലൈനിലും ലഭ്യമാകും. സപ്ലൈകോ സൂപ്പർമാർക്കറ്റിലെയും മാവേലി സ്റ്റോറിലെയും വിലതന്നെയാകും ഓൺലൈനിലും ഈടാക്കുക.

സബ്‌സിഡിയുള്ള ഉത്പന്നങ്ങൾ ഒഴികെ സ്റ്റോറുകളിൽ സ്റ്റോക്കുള്ള ഏത് ഉത്പന്നവും 23മുതൽ ഓൺലൈനിൽ കിട്ടും. 19 വിതരണ സ്ഥാപനങ്ങളുമായി സപ്ലൈകോ കരാറിലെത്തി. ഈ കമ്പനികളുടെ ആപ്പിലൂടെയാണ് ഓർഡർ ചെയ്യേണ്ടത്. ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭിക്കും. ഓരോ കമ്പനിയുടെയും ആപ്പിൽ ഡെലിവറി ചാർജ് എത്രയെന്ന് വ്യക്തമാക്കിയിരിക്കും. ഓരോ കമ്പനിക്കും നിശ്ചിത വിൽപ്പനശാലകൾ അനുവദിച്ചിട്ടുണ്ട്. ഓരോ വിൽപ്പനശാലയുടെയും കീഴിൽ വരുന്ന വിതരണ സ്ഥാപനത്തിന്റെയും ആപ്പിന്റെയും വിവരങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.

ഓൺലൈനിലെ വിൽപ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും വിലയിരുത്തി എല്ലാ ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽക്കൂടി ഓൺലൈൻ സേവനമെത്തിക്കാൻ സപ്ലൈകോ സ്വന്തം ആപ്പ് തയ്യാറാക്കുന്നുണ്ട്. കൊച്ചി നഗരത്തിലാണ് സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ആദ്യം നടപ്പാക്കിയത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

തൃശൂർ പീപ്പിൾ ബസാർ, പെരുമ്പിള്ളിശ്ശേരി, മണ്ണുത്തി, ഒല്ലൂർ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വാതിൽപ്പടി സൗകര്യം.

വിശദാംശങ്ങൾക്ക്: supplycokerala.com

വിൽപ്പനശാലകൾ:

തിരുവനന്തപുരം (4)

കൊല്ലം (1)

എറണാകുളം (7)

തൃശൂർ (4)

കോഴിക്കോട് (4)