
തൃശൂർ: സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ യാത്രാസൗകര്യത്തിനായുളള കെ.എസ്.ആർ.ടി.സി 'ബോണ്ട്' (ബസ് ഓൺ ഡിമാൻഡ്) പദ്ധതിക്ക് തുടക്കം. ജില്ലയിലെ ആദ്യ ബോണ്ട് സർവീസിന്റെ ഫ്ളാഗ് ഓഫ് അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി.
അയ്യന്തോൾ കളക്ടറേറ്റിൽ നിന്നും തൃപ്രയാർ വഴി കൊടുങ്ങല്ലൂർ വരെ പോകുന്ന ബോണ്ട് ഒന്ന് സർവീസിനാണ് തുടക്കമായത്. ബോണ്ട് രണ്ട് സർവീസ് ഒക്ടോബർ 23ന് ചാലക്കുടി തൃശൂർ റൂട്ടിൽ സർവീസ് ആരംഭിക്കും. ഈ സർവീസുകൾക്ക് പുറമെ തൃശൂരിൽ നിന്നും ഇരിങ്ങാലക്കുട വഴി കൊടുങ്ങല്ലൂരിലേക്കും മാള, ഷൊർണൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് ആരംഭിക്കും.
ഡി.ടി.ഒ കെ.ടി സെബി, കെ.എസ്.ആർ.ടി.സി ബോണ്ട് കോഓർഡിനേറ്റർ കെ.എ നാരായണൻ, ഹുസൂർ ശിരസ്തേദർ പ്രാൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
ബോണ്ട് ഒന്ന് സർവീസ്
രാവിലെ 8.40ന് കൊടുങ്ങല്ലൂരിൽ നിന്നും പുറപ്പെട്ട് 9.50 ന് അയ്യന്തോളിൽ എത്തും. അവിടെ നിന്നും ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷൻ വരെയും സർവീസ് നടത്തും. വൈകിട്ട് 5.10 ന് തിരിക്കുന്ന ബസ് 6.30 ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും.
രജിസ്ട്രേഷൻ തൃശൂർ യൂണിറ്റിൽ
ബുക്കിംഗ് നമ്പറുകൾ : 9037790280, 9495099909
സൗകര്യപ്രദം
യാത്രക്കാർക്ക് അവരുടെ ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സുരക്ഷിതമായി പാർക്ക് ചെയ്യാം
ഡിപ്പോയിൽ നിന്ന് ഈ സർവീസുകളിൽ യാത്ര ചെയ്യുന്നതിനായി 20, 25 ദിവസങ്ങളിലേക്ക് ഉള്ള പണം മുൻകൂറായി അടച്ച് ബോണ്ട് ടിക്കറ്റുകൾ മുൻകൂട്ടി കൈപ്പറ്റാം
സാധാരണയിലും കുറഞ്ഞ നിരക്കിലാണ് കൂപ്പൺ നൽകുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ തൃശൂർ യൂണിറ്റിൽ ലഭ്യമാണ്.