തൃശൂർ: കോർപറേഷൻ പരിധിയിൽ കൊവിഡ് കെയർ സെന്ററുകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന താത്കാലിക ജീവനക്കാർക്ക് ദിവസവേതനം 750 രൂപയാക്കി വർദ്ധിപ്പിക്കുന്നതിന് മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലും 48 പേർക്ക് സ്ഥിരം ജോലി നൽകിയതായി മേയർ അറിയിച്ചു. പത്ത് വർഷക്കാലമായി ഉണ്ടായിരുന്ന ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് വഴി നിയമിച്ച 48 പേരെയാണ് കൗൺസിൽ യോഗം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.

വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒമ്പത് പേർക്ക് സബ്‌സിഡി നൽകും. പ്ലാസ്റ്റിക് നിരോധിത മേഖലയായി കോർപറേഷനെ മാറ്റും. ഇതിന്റെ ഭാഗമായി കോർപറേഷൻ വാടകയ്ക്ക് നൽകിയിരുന്ന സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ് ഉൾപ്പെടെയുള്ള വസ്തുക്കളുടെ വാടക കുറയ്ക്കുവാനും യോഗം തീരുമാനിച്ചു.

ലാലൂർ ഡിവിഷനിൽ നിർമ്മാണം പൂർത്തീകരിക്കുന്ന ഓൾഡേജ് ഹോമിന് 17 ലക്ഷം രൂപ കൂടി അനുവദിക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങാവ് ഡിവിഷനിലെ ചേറൂർ റോഡ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുവാനും യോഗം തീരുമാനിച്ചതായി മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.