തൃശൂർ: നാഡീവ്യൂഹ തകരാർ മൂലം ദൈനദിന ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവർക്കും ശരീരം തളർന്ന് കിടപ്പിലായവർക്കും ചലന വൈകല്യമുള്ളവർക്കുമായി ന്യൂറോ റീഹാബിലിറ്റേഷൻ സോൺ വഴി ഫിസിയോ തെറാപ്പി സേവനങ്ങൾ ഇനി ഗവ. മെഡിക്കൽ കോളേജിൽ ലഭ്യമാകും. തലച്ചോറിനും നട്ടെല്ലിനും പരിക്കുകളോടെ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ആശ്വാസമാകുന്ന ന്യൂറോ റീഹാബിലിറ്റേഷൻ സോൺ ന്യൂറോ സർജറി കഴിഞ്ഞവരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുക.
ന്യൂറോ സർജറി ഡിപ്പാർട്ട്‌മെന്റ് നടത്തിപ്പിനാവശ്യമായ അൾട്രീറ്റ്‌നെസ്, കോമ്പോ 11 തുടങ്ങി പാരലൽ ബാർ, ട്രാക്‌ഷൻ യൂണിറ്റ്, ടിൽറ്റ് ടേബിൾ, വോക്കിംഗ് എയ്ഡ്‌സ്, കൈകാൽ വ്യായാമ സാമഗ്രികൾ എന്നിവയാണുളളത്. അമേരിക്കൻ നിർമ്മിത യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. നാഡീവ്യൂഹ പ്രതിസന്ധി നേരിടുന്ന രോഗികൾക്കും ചലനശേഷി നഷ്ടപ്പെട്ടവർക്കും ആവശ്യമായ ഫിസിയോ തെറാപ്പി ചികിത്സ ഇവിടെനിന്ന് ലഭിക്കും.
പിന്നിൽ ഈ ദമ്പതികൾ
ആധുനിക സൗകര്യങ്ങളോടെ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ രോഗികൾക്ക് സമ്മാനിച്ചതിന് പിന്നിൽ തൃശൂർ താണിക്കുടം കുറുമാംമ്പുഴ കെ.കെ. വിജയൻ, സരസ്വതി വിജയൻ എന്നീ ദമ്പതികളുടെ സന്മനസുമുണ്ട്. ഉപകരണങ്ങളുടെ മുഴുവൻ ചെലവും വഹിച്ചത് ഈ ദമ്പതികളാണ്. ഇത്തരം സൗകര്യങ്ങളില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നത് കണ്ടാണ് വിജയനും ഭാര്യയും സഹായവുമായി മുന്നോട്ടുവന്നത്.
ഉദ്ഘാടനം ഇന്ന്
ന്യൂറോ റിഹാബിലിറ്റേഷൻ സോണിന്റെ ഉദ്ഘാടനം 21ന് ഉച്ചയ്ക്ക് 12 ന് ചീഫ് വിപ്പ് കെ. രാജൻ നിർവഹിക്കും. അനിൽ അക്കര എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ന്യൂറോ സർജറി വകുപ്പ് മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ആർ. ബിജുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
തൃപ്തിയോടെ കേന്ദ്ര സംഘം
കൊവിഡ് രോഗികൾ കൂടുകയും ഡോക്ടർമാർക്കും നഴ്‌സുമാർക്കും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഗവ. മെഡിക്കൽ കോളേജിലെത്തിയ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. പ്രാണ പദ്ധതി, ടെലി മെഡിസിൻ ഐ.സി.യു, കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ ഉപയോഗം തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം പൂർണ തൃപ്തിയാണ് സംഘം രേഖപ്പെടുത്തിയത്.
ഒരുക്കിയ സൗകര്യങ്ങളെല്ലാം വീഡിയോ വഴി സംഘാംഗങ്ങളായ ഡോ. രുചി ജയിനും ഡോ. നീരജ്കുമാർ ഗുപ്തയും കണ്ടു വിലയിരുത്തി. പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയാണ് സംഘാംഗങ്ങൾ മടങ്ങിയത്.