t

തൃശൂർ: 1962ലെ ഇന്തോ - ചൈന യുദ്ധത്തിൽ പങ്കെടുത്ത ധീരജവാന്മാർക്ക് ആദരം അർപ്പിച്ച ദേശീയ ഐക്യദാർഢ്യ ദിനമായ ഇന്നലെ കേരളകൗമുദി റീഡേഴ്‌സ് ക്ലബ് മുൻ സൈനികരെ ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൈനികരുടെ വീടുകളിലെത്തിയായിരുന്നു ആദരച്ചടങ്ങ്.

റീഡേഴ്‌സ് ക്ലബ് തൃശൂർ മേഖലാ സെക്രട്ടറിയും കേരളകൗമുദി ഡെസ്‌ക് ചീഫുമായ സി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. മാമ്പ്രയിൽ മുൻ സൈനികൻ അമ്പാട്ടുപറമ്പിൽ എ.എസ്. ബാലനെ ആദരിച്ചായിരുന്നു ചടങ്ങ് തുടങ്ങിയത്.

പിന്നീട് മാമ്പ്രയിൽ തുമ്പരത്തി ടി.പി. രമേഷ്, പള്ളിത്തറ പി.പി. അരവിന്ദാക്ഷൻ, മാള പൂപ്പത്തിയിൽ പി.പി.രാജൻ,​ പൂപ്പത്തിയിൽ ഇ.എ. ജോൺ,​ അവിട്ടത്തൂരിൽ ആർ. കൃഷ്ണൻകുട്ടിനായർ,​അവിട്ടത്തൂരിൽ വി.പി. ഗോവിന്ദൻകുട്ടി,​ മാപ്രാണത്ത് മാടത്തിങ്ങൽ എം.എസ്. പ്രഭാകരൻ,​ നന്തിക്കരയിൽ വാദ്ധ്യാർമഠത്തിൽ വി.പി.ചിദംബരം എന്നിവരെയാണ് ആദരിച്ചത്.

പൊന്നാട അണിയിച്ചായിരുന്നു ആദരം അർപ്പിക്കൽ. കേരളകൗമുദി സർക്കുലേഷൻ വിഭാഗം അസി. മാനേജർ പി.ആർ. മോഹനൻ, എക്‌സിക്യൂട്ടിവുമാരായ ഷിബു ടി.ആർ, റെന്നി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.