
തൃശൂർ: പൊലീസ് പരിശോധന തുടരുന്നിതിനിടെ വീണ്ടും ഗുണ്ടാവിളയാട്ടം. നഗരത്തിന്റെ പ്രാന്തപ്രദേശമായ പെരിങ്ങാവിലും വടക്കാഞ്ചേരിയിലുമാണ് ഗുണ്ടാ ആക്രമണം നടന്നത്. വാടാനപ്പിള്ളിയിൽ ഹോട്ടൽ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവവും നടന്നു.
വടക്കാഞ്ചേരിയിൽ വീട്ടിൽ കയറി നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. വീടിനും കേടുപാടുകളുണ്ട്. വടക്കാഞ്ചേരി ഒന്നാംകല്ലിൽ കുന്നത്ത് വീട്ടിൽ ജയന്റെ വീടാണ് ആക്രമിച്ചത്. ഗുണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇന്നലെ പുലർച്ചെയാണ് സംഭവം.
വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും തീയിട്ട് നശിപ്പിച്ചു. പെരിങ്ങാവിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. നിരവധി കേസുകളിൽ പ്രതിയായ പാടൂക്കാട് സ്വദേശി ബിജു വിൽസന് തലയ്ക്കടിയേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൂർക്കഞ്ചേരിയിൽ ടയർ പഞ്ചറൊട്ടിച്ച് കൃത്യസമയത്ത് നൽകാത്തതിനെ തുടർന്ന് സ്ഥാപന ഉടമയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ മൂന്നംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീഖ് (28), വലിയാലുക്കൽ മേനോത്ത്പറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കൂർക്കഞ്ചേരി കിണർ സ്റ്റോപ്പിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനെയാണ് കൊല്ലാൻ ശ്രമിച്ചത്. നാലു ദിവസം മുമ്പാണ് ടയർ പഞ്ചറൊട്ടിക്കാൻ നൽകിയത്. തുടർന്ന് ഞായറാഴ്ച രാത്രി കടയിലെത്തിയ സംഘം മണികണ്ഠനെ മർദ്ദിക്കുകയായിരുന്നു. അതിനിടെയാണ് ഒന്നാം പ്രതി ഷഫീഖ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. ഒഴിഞ്ഞു മാറിയതിനാൽ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. സ്ഥാപനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്.
ജില്ലയിൽ അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായതിനെ തുടർന്നാണ് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എതാനും ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ റേഞ്ചറുമായി രംഗത്തിറങ്ങിയത്. സിറ്റി പൊലീസിന്റെയും റൂറലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
ക്രിമിനൽ പരമ്പര