മാള: മാളയിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടമയിലെ വ്യാപാരിയായ കണ്ണമ്പുഴ സാബു (48) ആണ് മരിച്ചത്. വെളുപ്പിന് വീട്ടിൽ വച്ച് ഫിറ്റ്‌സ് ബാധിച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ. വേണുവിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മാള പൊലീസും സ്ഥലത്തെത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മൃതദേഹം ചാലക്കുടിയിൽ വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ മാള ഫൊറോന പള്ളിയിൽ സംസ്‌കരിച്ചു. ഭാര്യ: ജിജി.മകൻ: അലൻ.