hospital
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ. താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക്, മെഡിക്കൽ ഐ.സി.യു എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രളയത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ താലൂക്ക് ആശുപത്രി, ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെയാണ് ഉയർത്തേഴുന്നേറ്റതെന്നും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായവും നഗരസഭയുടെ ഭഗീരഥ പ്രയത്‌നവുമാണ് ഇതിന്റെ ചാലക ശക്തിയെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. നാലു കോടി രൂപ ചെലവു വരുന്ന ആധുനിക സംവിധാനത്തോടെയുള്ള ട്രോമാ കെയർ യൂണിറ്റാണ് ഒരു വർഷത്തിനകം ഇവിടെ പൂർത്തിയാകുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സൂപ്രണ്ട് ഡോ.എൻ.എ. ഷീജയെ ചടങ്ങിൽ എം.എൽ.എ പൊന്നാടയണിയിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.എ. ഷീജ എന്നിവർ പ്രസംഗിച്ചു.


ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ. നോർത്ത് ചാലക്കുടി മേഖല കമ്മറ്റി മുപ്പതിനായിരം രൂപയുടെ മരുന്നുകൾ നൽകി. ഉദ്ഘാടന ചടങ്ങിൽ വച്ചാണ് മരുന്നുകൾ നൽകിയത്. ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി കൈമാറിയ മരുന്നുകൾ ബി.ഡി. ദേവസി എം.എൽ.എ ഏറ്റുവാങ്ങി. മേഖലാ സെക്രട്ടറി ഷബീർ കല്ലൂപറമ്പിൽ, ബ്ലോക്ക് ട്രഷറർ നിധിൻ തുടങ്ങിയവർ പങ്കെടുത്തു.