 
വടക്കാഞ്ചേരി: കലാമണ്ഡലത്തിൽ ആദ്യമായി പത്മശ്രീ ലഭിച്ച മൂന്ന് പ്രതിഭകൾ ഭരണ സമിതി അംഗങ്ങളായി ചുമതലയേറ്റു. വിവിധ മേഖലകളിൽ തിളങ്ങിയ മൂന്നു കലാകാരന്മാരുടെ സാന്നിദ്ധ്യം കലാമണ്ഡലത്തിന്റെ ഭരണശിലയിലുണ്ടാകും. കഥകളിയിൽ അരങ്ങ് തകർത്ത കലാമണ്ഡലം ഗോപിയാശാൻ, വാദ്യകലയിൽ മേളപ്പെരുമ തീർക്കുന്ന പെരുവനം കുട്ടൻ മാരാർ, നൃത്തകലയെ ജനകീയമാക്കിയ ക്ഷേമാവതി എന്നിവരാണ് പഴയ കലാമണ്ഡലത്തിലുള്ള വള്ളത്തോളിന്റെ സമാധിയിൽ വിളക്ക് തെളിച്ച് പുഷ്പാർച്ചന നടത്തി ചുമതലയേറ്റത്.
മഹത്തായ കലാസ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നുവെന്ന് മൂന്നു പേരും പറഞ്ഞു. കലാമണ്ഡലത്തിന്റെ നവതി പ്രമാണിച്ച് ഒരു വർഷം നീളുന്ന കർമ്മ പരിപാടികൾക്ക് രൂപം നൽകി വരികയാണെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു. ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കരിയന്നൂർ വാസുദേവൻ നമ്പൂതിരി, നിള കാമ്പസ് കോ- ഓർഡിനേറ്റർ കലാമണ്ഡലം തുളസി കുമാർ എന്നിവർ പങ്കെടുത്തു.