തൃശൂർ: മലയാള കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദമായിരുന്നു എ. അയ്യപ്പന്റേതെന്നും ഹൃദയത്തിൽ നിറയെ അക്ഷരങ്ങളുള്ള കവിക്ക് കവിതയായിരുന്നു ലഹരിയെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പനിലെ അരാജകവാദിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് എല്ലാ മേധാവിത്വങ്ങളും ഭരണകൂട താത്പര്യങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിയുമ്പോൾ ഒരാൾ എത്തിച്ചേരുന്ന അവസ്ഥയാണ്. അവിടെ പ്രതിഷേധത്തിന്റേയും സ്‌നേഹത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റേയും പ്രണയത്തിന്റേയുമെല്ലാം രാഷ്ട്രീയമുണ്ടെന്നും കുരീപ്പുഴ പറഞ്ഞു.
അയനം സാംസ്‌കാരിക വേദി ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. കുഴൂർ വിത്സൻ, ശൈലൻ, ഡി. യേശുദാസ്, ഡോ. രോഷ്‌നി സ്വപ്ന, പി.എ. അനീഷ്, സുബീഷ് തെക്കൂട്ട്, ശാലിനി പടിയത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു. സനിത അനൂപ്, യു.എസ്. ശ്രീശോഭ് തുടങ്ങിയവർ സംസാരിച്ചു.