 
തൃശൂർ: പുത്തൂരിൽ ഒരുങ്ങുന്ന വിശാലമായ സുവോളജിക്കൽ പാർക്കിലേക്ക് മാറാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിൽ തൃശൂർ മൃഗശാല. ഒക്ടോബർ 31നകം നിർമ്മാണം പൂർത്തീകരിച്ച് ഡിസംബറോടെ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കഴിയുന്നവിധം നിർമ്മാണം പുരോഗമിക്കുകയാണ്. കെ.പി.എച്ച്.സി.സിനാണ് നിർമ്മാണച്ചുമതല.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള ശ്രമം രണ്ടു പതിറ്റാണ്ട് മുമ്പാണ് ആരംഭിച്ചത്. കിഫ്ബി ധന സഹായത്തോടെ ഈ പദ്ധതി 2016 17 ലെ ബഡ്ജറ്റിലാണ് പ്രഖ്യാപിച്ചത്. 338 ഏക്കർ വനഭൂമിയിൽ
വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ 23 വാസസ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യം, സൂ ഹോസ്പിറ്റൽ സമുച്ചയം എന്നിവയാണ് ഒരുങ്ങുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് കൂടിയാണ് ഇത്. 360 കോടി രൂപയുടെ പദ്ധതിക്കായി കിഫ്ബിയിൽ നിന്ന് 269.75 കോടി രൂപയും ബാക്കി സംസ്ഥാന വിഹിതവുമാണ് അനുവദിച്ചത്.