election

തൃശൂർ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ജില്ലയിൽ പുരോഗമിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമാണ് നടക്കുന്നത്. തൃശൂർ താലൂക്ക് സ്‌ട്രോംഗ് റൂമിലാണ് പരിശോധിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 40 ശതമാനം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയുടെ അഞ്ച് എൻജിനിയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 30 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്ക് ശേഷം നഗരസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും.

നവംബർ ആദ്യ ആഴ്ചയിൽ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് പരിശീലനം പുരോഗമിക്കുകയാണ്. ജില്ലയിലെ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.