doctors

തൃശൂർ: സംസ്ഥാനത്ത് എറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലാ മെഡിക്കൽ വിഭാഗവും സർക്കാർ ഡോക്ടർമാരുടെ സംഘടനയും തമ്മിലുള്ള പോര് തീർക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ജില്ലാ മെഡിക്കൽ ഓഫീസും തമ്മിൽ കൊവിഡ് പ്രതിരോധത്തെ ചൊല്ലിയുള്ള തർക്കം തീർക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അടിയന്തര യോഗം വിളിച്ചു.


ജില്ലയിലെ എല്ലാ വകുപ്പു മേധാവികളും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തു. കെ.ജി.എം.ഒ.എ ഉയർത്തിയ ആരോപണങ്ങൾ ഡി.എം.ഒ നിഷേധിച്ചു. കെ.ജി.എം.ഒ.എ നിരത്തിയ കണക്കുകൾ അവർക്ക് വന്ന പിശകാണെന്ന് ഡി.എം.ഒ വിശദീകരിച്ചു. കെ.ജി.എം.ഒ.എ ഭാരവാഹികളെ ഡി.എം.ഒ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണം ഉയർത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഒറ്റ സംഘടനാ നേതാക്കളെയും കാണാറില്ലെന്നും ഡി.എം.ഒ വിശദീകരിച്ചു. പങ്കെടുത്ത വകുപ്പു മേധാവികൾ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മുന്നിൽ ആരോപണം ഉന്നയിച്ചില്ലെന്നും അറിയുന്നു. തുടർന്ന് സഹകരിച്ച് പോകണമെന്ന കർശന നിർദ്ദേശം ഇരു കൂട്ടർക്കും നൽകിയതായാണ് വിവരം.

ഇന്നലെ സംസ്ഥാനത്തെ കൊവിഡ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയായി തൃശൂർ മാറുന്നതിനിടെയാണ് ആരോഗ്യ വകുപ്പിൽ ഡോക്ടർമാരും ജില്ലാ ആരോഗ്യ വിഭാഗവും തമ്മിലുള്ള പോര് മുറുകിയത്. ഗുരുതര വീഴ്ചയാണ് ജില്ലയിലെ ആരോഗ്യ വകുപ്പിന് ഉണ്ടായിട്ടുള്ളതെന്നു അവർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ മറുപടിയുമായി കഴിഞ്ഞ ദിവസം ഡി.എം.ഒ രംഗത്തെത്തി. ഇന്നലെ വീണ്ടും കെ.ജി.എം.ഒ.എ ഭാരവാഹികൾ ഡി.എം.ഒയ്ക്കെതിരെ പ്രസ്താവനയുമായി എത്തിയതോടെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രശ്‌നത്തിൽ ഇടപെട്ട് അടിയന്തര യോഗം വിളിച്ച് ചേർക്കുകയായിരുന്നു.

ഡി.എം.ഒ

കൊവിഡ് ചികിത്സാ സംവിധാനം അപര്യാപ്തവും പോസിറ്റിവിറ്റി നിരക്ക് ആശങ്കാജനകമാണെന്നുമുള്ള കെ.ജി.എം.ഒ.എയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ആരോഗ്യ ഓഫീസർ (ഡി.എം.ഒ). പരിശോധന അടക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെതട്ടിൽ സംഘടിപ്പിക്കുന്നത് ഓരോ ആരോഗ്യ സ്ഥാപന മേധാവികളാണ്. മാർഗനിർദ്ദേശങ്ങൾ നൽകുക, പ്രവർത്തനങ്ങളെ ഏകോപ്പിക്കുക നേതൃത്വം നൽകുക എന്നീ ചുമതലയാണ് ജില്ലാ ആരോഗ്യ വിഭാഗത്തിനുള്ളത്. ജനുവരി 30 മുതൽ ഒക്ടോബർ 20 വരെ ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്

കെ.ജി.എം.ഒ.എ


മുഴുവൻ സ്ഥാപന മേധാവികളെയും ഉൾക്കൊള്ളുന്ന സംഘടന, അതിൽ ആശങ്ക ഉണ്ടെന്ന് പറയുമ്പോൾ, ആ വസ്തുത നിഷേധിക്കുകയും സ്ഥാപനമേധാവികളാണ് കൈകാര്യം ചെയ്യുന്നതെന്ന് ആരോപിക്കുന്നത് വൈരുദ്ധ്യാധിഷ്ഠിത പ്രായോഗിക വാദമാണ്.

കഴിഞ്ഞ ഒരു മാസത്തിനകം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മാത്രം ഏകദേശം 9 കാറ്റഗറി സി രോഗികളെ കിടത്തിച്ചികിത്സിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇവരിൽ അഞ്ച് രോഗികളുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലായപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടിവന്നു. രണ്ടു രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംബന്ധിച്ച് മെഡിക്കൽ ഓഫീസർ നൽകുന്ന കണക്കുകളിൽ വസ്തുതകൾ മറച്ചുവയ്ക്കുന്നത് ദൗർഭാഗ്യകരമാണ്. പിഴവുകൾ കീഴ് ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം.