aurpoice
ബാബു സെബാസ്റ്റ്യനിൽനിന്നും ജില്ലാ റൂറൽ പൊലീസ് മേധാവി ആർ. വിശ്വനാഥ് സ്ഥലത്തിന്റെ ആധാരവും അനുബന്ധ രേഖകളും ഏറ്റുവാങ്ങുന്നു

ആളൂർ: പൊലീസ് സ്റ്റേഷന്‌ കെട്ടിടം നിർമ്മിക്കാൻ കല്ലേറ്റുംകര സ്വദേശി പനംകൂടൻ ബാബു സെബാസ്റ്റ്യൻ നൽകിയ 28 സെന്റ് സ്ഥലത്തിന് ഇപ്പോഴത്തെ മാർക്കറ്റ് വില ഒന്നര കോടി രൂപയിലധികമാണ്. കർഷകരായിരുന്ന തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായാണ് ബാബു സെബാസ്റ്റ്യൻ സ്ഥലം സൗജന്യമായി നൽകിയത്.

ആളൂർ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ റൂറൽ പൊലീസ് മേധാവി ആർ. വിശ്വനാഥ് സ്ഥലത്തിന്റെ ആധാരവും അനുബന്ധ രേഖകളും ഏറ്റുവാങ്ങി. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥി ആയിരുന്നു. പ്രൊഫ. കെ.യു. അരുൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ സന്ധ്യ നൈസൻ, വൈസ് പ്രസിഡന്റ് എ.ആർ. ഡേവീസ്, ഡി.വൈ.എസ്.പി സി.ആർ. സന്തോഷ്, ബാബു സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി ബാബു എന്നിവർ പങ്കെടുത്തു.

പനക്കൂടൻ ബാബു സെബാസ്റ്റ്യൻ പിതാവ് പി.പി. സെബാസ്റ്റ്യൻ, മാതാവ് നെയ്തി സെബാസ്റ്റ്യൻ എന്നിവരുടെ സ്മരണാർത്ഥം നൽകിയ ഭൂമി കല്ലേറ്റുംകര പൂപ്പച്ചിറ റേഡിനോട് ചേർന്നാണുള്ളത്. ഭൂമി നൽകിയ ബാബു സെബാസ്റ്റ്യനെയും ഭാര്യ ഷേർളി ബാബുവിനെയും ചടങ്ങിൽ ആദരിച്ചു. 2017 ജൂണിൽ പ്രവർത്തനം ആരംഭിച്ച ആളൂർ പൊലീസ് സ്റ്റേഷൻ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദേശത്ത് ബിസിനസു നടത്തുകയാണ് ബാബു.