ചാലക്കുടി: പരിഷ്‌ക്കരിച്ച വാഹന പരിശോധന സംവിധാനവും ഒപ്പം ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വഴിയിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിയ്ക്കുകയും പിഴയൊടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇനി കുറ്റകൃത്യങ്ങൾ ഭൂരിഭാഗവും കണ്ടെത്തുന്നത് ഓൺലൈനിലൂടെ.

ദേശീയ പാതയടക്കമുള്ള നിരത്തിലൂടെ നീങ്ങുന്ന വാഹന വകുപ്പിന്റെ വാഹനങ്ങളിൽ പുറത്തേയ്ക്ക് മിഴി തുറന്നിരിക്കുന്ന മൊബൈൽ ഫോൺ കാമറയുണ്ടാകും. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്ര, നമ്പർ പ്ലേറ്റിലെ അലങ്കാരം, അവ്യക്തത എന്നിവയെല്ലാം കാമറയിൽ പതിയും. അധികം വൈകാതെ ഫോണുകളിലേയ്ക്ക് പിഴയടയ്ക്കുന്നതിന്റെ വിശദാംശങ്ങളും എത്തും. മറ്റു വാഹനങ്ങളിലെ കുറ്റകൃത്യങ്ങളും ഇത്തരത്തിൽ പിടിയ്ക്കപ്പെടും. പിഴയടയ്ക്കാൻ ഓൺലൈനിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുടി മേഖലയിൽ മേഖലയിൽ അമ്പതോളം ഓൺലൈൻ കേസുകൾ എടുത്തിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൾ ജലീലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ ഡ്രൈവർമാർക്കായി ഇതു സംബന്ധിച്ച ബോധവത്കരണം നടത്തി. പരിഷ്‌കരിച്ച മോട്ടോർ വാഹന നിയമം അനുസരിച്ച് എല്ലാവരും തങ്ങളുടെ വാഹനം, ആർ.സി ബുക്ക് എന്നിവയുടെ നമ്പർ സഹിതം ഓൺലൈനിലെ പുതിയ ആപ്പിൽ ലിങ്ക് ചെയ്യണമെന്ന് ചാലക്കുടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. പുതിയ ആപ്പുമായി ബന്ധമില്ലാത്ത വാഹനങ്ങൾക്ക് ഉടകളറിയാതെ പിഴകൾ വന്നു കൂടുകയും ഒടുവിൽ അതു വലിയ തുകയായി മാറാനും സധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡരികിൽ അപകടത്തിൽപ്പെട്ടു കിടന്ന വാഹനത്തെ തള്ളിമാറ്റാൻ സഹായിക്കൽ, മൊബൈൽ ആപ്പിനെ കുറിച്ച് വിശദമാക്കൽ തുടങ്ങിയവയും കഴിഞ്ഞ ദിവസത്തെ ഉദ്യോഗസ്ഥരുടെ ദൗത്യത്തിൽ ഉൾപ്പെട്ടു.

................................

സുരക്ഷിത യാത്ര ചെയ്യേണ്ടതിനെക്കുറിച്ച് വിവരിച്ച് ദുരന്തം നേരിട്ട പോൾസൺ

വാഹന പരിശോനയ്ക്കിടെ ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന സാക്ഷ്യവുമായി രംഗത്തെത്തിയ യുവാവിന്റെ വിവരണം കൗതുകമായി. കഴിഞ്ഞ ആറു വർഷം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ തനിയ്ക്ക് സാധാരണ ജീവിതം നഷ്ടപ്പെട്ട അനുഭവമാണ് നെല്ലായിയിലെ ചേന്ദമംഗലത്തുകാരൻ പോൾസൺ വിവരിച്ചത്. ഹെൽമറ്റ് ധരിക്കാതെ മറ്റൊരാളുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്തതാണ് വിനയായത്. തലോറിൽ വച്ച് തെറിച്ചു വീണ പോൾസന്റെ തല കരിങ്കല്ലിൽ ഇടിച്ചു തകർന്നു. മേജർ ഓപ്പറേഷന് വിധേയനായ 38 കാരന് ജീവൻ മാത്രമാണ് തിരികെ കിട്ടിയത്. ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങളും. വലതു കണ്ണിന്റെ കാഴ്ച ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഒരു ചെവിയ്ക്ക് കേൾവിയില്ലാതായി. മണം അറിയുന്നതിന് കഴിവുമില്ല. ഭാഗ്യം കൊണ്ടുമാത്രം ജീവൻ തിരിച്ചു കിട്ടുകയായിരുന്നു. ഒരു ആയുർവ്വേദ കമ്പനിയിലെ മരുന്ന് വിതരണം ചെയ്യുന്ന പോൾസൺ പിന്നീട് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടാൽ തന്റെ അനുഭവം വിവരിയ്ക്കും. സ്‌നേഹത്തിന്റെ വാക്കുകളിൽ അവരെ തെല്ല് ശകാരിക്കുകയും ചെയ്യും. പോട്ടയിലെ വാഹന പരിശോധ നടക്കുന്നതിനിടെയാണ് ഇയാൾ തന്റെ ദുരന്ത ജീവിതത്തെക്കുറിച്ച് വിവരിച്ചത്.