 
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരമോ രണ്ടാം വാരമോ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന അഭ്യൂഹത്തിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള അണിയറ ചർച്ചകൾ സജീവം. നവംബർ 11 ന് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി കഴിയുമെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിയത്.
പ്രധാന കടമ്പയായ സംവരണ വാർഡുകൾ സംബന്ധിച്ച് വ്യക്തത വന്നതോടെയാണ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമായത്. കോർപറേഷൻ, നഗരസഭാ അദ്ധ്യക്ഷൻമാരുടെ സംവരണം മാത്രമാണ് ഇനി അറിയാനുള്ളത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകും.
നിലവിലെ ജനറൽ വാർഡുകൾ സംവരണ വാർഡുകളായി മാറിക്കഴിഞ്ഞു. ഇതേത്തുടർന്ന് ഇവിടെ അനുയോജ്യരാായ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധ. മുൻകാലങ്ങളിൽ വ്യത്യസ്തമായ വനിതകളും സജീവമായി രംഗത്തിറങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നതിനാൽ എല്ലാവർക്കും സ്ഥാനാർത്ഥികൾ ഉണ്ടാകും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയ എല്ലാ പാർട്ടികളും നടത്തിയിരുന്നു. ഇനി ഒരു അവസരം കൂടി നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
നിലവിൽ സംവരണ വാർഡുകളിൽ ജയിച്ച ഭൂരിഭാഗം പേർക്കും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. അതേസമയം കഴിഞ്ഞ തവണ ജനറൽ സീറ്റുകളിൽ ജയിച്ചവരുടെ വാർഡുകൾ സംവരണമായതോടെ മറ്റ് വാർഡുകളും ഡിവിഷനുകളും അന്വേഷിച്ചുള്ള നെട്ടോട്ടവും തുടങ്ങിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നിലവിൽ മത്സരിച്ച സീറ്റുകളിൽ തന്നെയായിരിക്കും മത്സരിക്കുക. ഇതിനിടെ എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രവേശനം അൽപ്പം തലവേദന സൃഷ്ടിച്ചേക്കും. അടിക്കടി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണവും കൊലപാതകങ്ങളിലും ചിലർക്ക് ഉണ്ടാകുന്ന രാഷ്ട്രീയബന്ധങ്ങളും മറ്റും പാർട്ടികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
സി.പി.എം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രാഞ്ച് തലത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. സ്ഥാനാർത്ഥികൾ സംബന്ധിച്ച് പ്രാഥമിക ലിസ്റ്റ് മേൽഘടകങ്ങൾ കൈമാറിത്തുടങ്ങി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വികസന രേഖകൾ പുറത്തിറക്കി പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആയിരുന്നു മേധാവിത്വം. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ സാധിക്കുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.
കോൺഗ്രസ്
സ്ഥാാനർത്ഥി നിർണയത്തിൽ ശക്തമായ ഇടപെടലാണ് പാർട്ടി നടത്തുന്നത്. പരമാവധി സ്ഥാനാർത്ഥികൾ അതത് വാർഡുകളിൽ നിന്നുള്ളവർ ആയിരിക്കണമെന്നാണ് ഡി.സി.സി നിർദ്ദേശം. ഇളവുകൾ വേണമെങ്കിൽ വാർഡിൽ നിന്നുള്ളവരുടെ സമ്മതവും മേൽഘടകങ്ങളുടെ അംഗീകാരവും ലഭിച്ചാൽ മാത്രമേ സ്ഥാനാർത്ഥികൾ ആകുകയുള്ളു. മുൻകാലങ്ങളിലൊന്നും ഇത്തരം കർശന നിലപാട് സ്വീകരിച്ചിട്ടില്ല. അതിനാൽ താഴേത്തട്ടിൽ പ്രവർത്തകർ സജീവമാണ്.
ബി.ജെ.പി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബി.ജെ.പിയും സജീവമാണ്. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഓരോ വാർഡുകൾക്കും പ്രത്യേക കൺവീനർമാരെയും പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലും ഒരോരുത്തർക്ക് ചുമതല നൽകിയാണ് പ്രവർത്തനം. കഴിഞ്ഞ തവണ അവിണിശേരി പഞ്ചായത്ത് ഭരണം ബി.ജെ.പി നേടിയിരുന്നു.