
തൃശൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും ശക്തൻ, ജയ്ഹിന്ദ് മാർക്കറ്റുകൾ അടച്ചിട്ടതും മൂലം പച്ചക്കറിക്ക് വില കുതിച്ചുയരുന്നു. മത്തൻ, എളവൻ, വെള്ളരി ഒഴിച്ച് ബാക്കി എല്ലാറ്റിനും തീവിലയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന മാർക്കറ്റായ ശക്തൻ അടച്ചിട്ടിട്ട് ആഴ്ചകൾ പിന്നിട്ടു. വ്യാപാരികൾ തന്നെയാണ് മാർക്കറ്റിലെ കടകൾ അടച്ചിടാൻ തീരുമാനമെടുത്തത്.
കൊവിഡിനെ തുടർന്ന് ഇടയ്ക്കിടെ മാർക്കറ്റ് അടച്ചിടേണ്ടി വരുന്നത് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നത് കണക്കിലെടുത്താണ് അനിശ്ചിതകാലത്തേക്ക് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചത്. രണ്ടു ദിവസം മുമ്പ് കോർപറേഷന് മുന്നിലെ ജയ്ഹിന്ദ് മാർക്കറ്റും അടച്ചിരുന്നു. പ്രദേശം കണ്ടെയ്ൻമെന്റ് സോണായതാണ് കാരണം. ചെറുകിട വ്യാപാരികൾ മറ്റു ജില്ലകളിലും നഗരത്തിന് പുറത്തും വഴിയോരങ്ങളിൽ ലോറികളിൽ എത്തിച്ചു വില്പന നടത്തുന്ന മൊത്ത കച്ചവടക്കാരിൽ നിന്നാണ് വാങ്ങുന്നത്.
ഇതും വില വർദ്ധിക്കാൻ ഇടയാക്കി. സവാള വില 70 കടന്നു. ഒരു മാസം മുമ്പ് 20 മുതൽ 25 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്കാണ് വില കുതിച്ചുയർന്നത്. തമിഴ്നാട്ടിൽ ഉണ്ടായ മഴയിൽ വിളകൾക്ക് ഉണ്ടായ നാശമാണ് വില വർദ്ധിക്കാൻ കാരണമെന്നും പറയുന്നു. തൊഴിൽ നഷ്ടപെട്ടവർ പലരും വാഹനങ്ങൾ വാടകയ്ക്ക് എടുത്തു പച്ചക്കറി വില്പന നടത്തിയിരുന്നു. എന്നാൽ വില വർദ്ധിച്ചതോടെ പലരും ഇതിൽ നിന്നും പിൻവാങ്ങി. ഒരു മാസം ഉണ്ടായിരുന്ന വിലയേക്കാൾ രണ്ടിരട്ടി വിലയാണ് ഇപ്പോൾ പച്ചക്കറികൾക്ക് ഉള്ളത്. അതേ സമയം കൂർക്കയുടെ വില നാടൻ കൂർക്കയുടെ വരവോടെ അല്പം കുറഞ്ഞു. കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്നത് 50 ൽ എത്തി. ജില്ലയിൽ മറ്റൊരു പ്രധാന മാർക്കറ്റായ കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
പച്ചക്കറി വില