theggu

തിരുവില്വാമല: പഞ്ചായത്തിൽ 250 ഹെക്ടറിൽ കേര ഗ്രാമം പദ്ധതി. നാളികേര ഉത്പാദന വർദ്ധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം ചെയ്ത പദ്ധതിയാണ് കേരഗ്രാമം. തിരുവില്ല്വാമല കൃഷിഭവൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആദ്യ വർഷം 47.17 ലക്ഷം കൃഷി വകുപ്പ് ഡയറക്ടർ അനുവദിച്ച് ഉത്തരവായി. രോഗം ബാധിച്ചതും ഉൽപാദനം കുറഞ്ഞതുമായ തെങ്ങുകൾ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിൻതൈകൾ പദ്ധതിയുടെ ഭാഗമായി നടും. പമ്പു സെറ്റുകൾ, തെങ്ങ് കയറ്റ യന്ത്രങ്ങൾ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്യും. ജൈവ വള ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകും. കേര സമിതിയുടെ പ്രവർത്തന ചെലവ്, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിള കൃഷി, കേര കർഷകർക്ക് രാസവളം, ജൈവ വളം എന്നിവയ്ക്ക് ധനസഹായം നൽകും. കുമ്മായ വിതരണം, തടം തുറക്കൽ, ഇടയിളക്കൽ തുടങ്ങി തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നടപടികൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും. തേങ്ങ ഉത്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള പ്രവൃത്തികൾ പദ്ധതി മുഖേന നടപ്പിലാക്കും. കഴിഞ്ഞ വർഷങ്ങളിൽ കേരഗ്രാമം പദ്ധതി കൊണ്ടാഴി, പഴയന്നൂർ, മുള്ളൂർക്കര, വരവൂർ എന്നീ കൃഷിഭവനുകളിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു.
ഇതോടെ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.