
തൃശൂർ/മണ്ണുത്തി: ഒന്നാംഘട്ട സൗന്ദര്യവത്കരണം പൂർത്തിയതോടെ പീച്ചിഡാമിലെ ബൊട്ടാണിക്കൽ ഗാർഡന് പുതുമോടി. കൊവിഡ് മാനദണ്ഡം പാലിച്ച്  പീച്ചി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തപ്പോൾ ആദ്യദിനം തന്നെ നൂറിലേറെപ്പേർ പീച്ചിയുടെ സൗന്ദര്യം നുകരാനെത്തി. ഷട്ടറുകൾ മുഴുവനായും തുറന്നിട്ടില്ലെങ്കിലും മാസങ്ങൾക്ക് ശേഷം പീച്ചി കാണാൻ കഴിഞ്ഞതിൻ്റെ ആവേശത്തിലായിരുന്നു സന്ദർശകർ. പത്ത് വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർക്ക് സന്ദർശന അനുമതിയില്ല. ഒരേ സമയം 50 പേർക്കാണ് സന്ദർശനത്തിന് അനുമതിയുള്ളത്. സന്ദർശകർക്ക് മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണ്. രണ്ട് ഘട്ടങ്ങളായുളള സൗന്ദര്യവത്കരണപദ്ധതികളാണ് പീച്ചിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നാംഘട്ടമാണ് പൂർത്തിയായത്. ബൊട്ടാണിക്കൽ ഗാർഡനിലെ നടപ്പാതയിൽ ടൈൽ വിരിക്കൽ, കുട്ടികളുടെ പാർക്ക് നവീകരണം, പവലിയന് താഴെ ടൈൽ വിരിക്കൽ, പ്രധാന ഉദ്യാനങ്ങളിൽ നടത്തിയ നവീകരണം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്.
നക്ഷത്ര ബംഗ്ലാവ് ടൈലുകൾ വിരിച്ചു മനോഹരമാക്കി. ചുറ്റും കല്ലുകൾ വിരിച്ച പുതിയ പാതയും പുൽത്തകിടിയും ഇരിപ്പിടങ്ങളും ഒരുക്കി. സോളാർ ലൈറ്റ്, ബെഞ്ച്, കൈവരി എന്നിവ സ്ഥാപിച്ച് അണക്കെട്ടിന്റെ ഉദ്യാനം നവീകരിച്ചു. സുരക്ഷാ ജീവനക്കാർക്കുള്ള മുറികൾ, മഴ കൂടാരങ്ങൾ, ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജലസമൃദ്ധി
ഈ വർഷം പെയ്ത ശക്തമായ മഴയിൽ ജലസമൃദ്ധിയിലാണ് പീച്ചിഡാം. ഇടവപ്പാതിക്കു ശേഷം ഷട്ടർ തുറന്നതോടെ വൈദ്യുതോൽപാദനവും തുടങ്ങി. അണക്കെട്ടിലെ തടാകത്തിലൂടെ ബോട്ടിംഗ് ഉടൻ തുടങ്ങില്ല. തട്ടേക്കാട് ബോട്ട് ദുരന്തത്തിനു ശേഷം പീച്ചിയിലും നിറുത്തിവച്ച ബോട്ടിംഗ് 2015–ൽ പുനരാരംഭിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാൽ തുടരാനായില്ല. ഇനി രണ്ടാംഘട്ടവികസനപ്രവർത്തനങ്ങളാണ് നടക്കുക.
സന്ദർശകരുടെ എണ്ണത്തിലും വരുമാനത്തിലും രണ്ട് വർഷം മുൻപ് റെക്കാഡിലെത്തിയിരുന്നു പീച്ചിഡാം.