 
മാള: കീഴഡൂർ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ ഭഗവതിയെ വാൽക്കണ്ണാടിയിൽ ആവാഹിച്ച് മണ്ഡപത്തിൽ ആനയിച്ചിരുത്തി പൂജ ആരംഭിച്ചതോടെ ഈ വർഷത്തെ ബ്രാഹ്മണിപ്പാട്ടിനും നവരാത്രി പൂജകൾക്കും ആരംഭമായി. ഭഗവതിയുടെ പ്രധാന വഴിപാടായ ബ്രാഹ്മണിപ്പാട്ട് സർവ്വ ഐശ്വര്യത്തിനും നെടുമംഗല്യത്തിനും മംഗല്യസൗഭാഗ്യത്തിനും ഉത്തമമാണെന്നാണ് ഇവിടത്തെ വിശ്വാസം.
ഗണപതി, സരസ്വതി, പാർവ്വതി, ദുർഗ്ഗ, ലക്ഷ്മി എന്നീ ദേവീദേവന്മാരെ സ്തുതിച്ചുകൊണ്ട് ഓട്ടു കിണ്ണത്തിൽ പിശാൻ കത്തികൊണ്ട് താളമിട്ട് ഒരു പ്രത്യേക ഈണത്തിൽ നമ്പീശൻ വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണിയമ്മ കീർത്തനങ്ങൾ പാടുന്നു. തുലാമാസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ ശ്രേഷ്ഠമായ ചടങ്ങ് കീഴഡൂർ ക്ഷേത്രത്തിലെ പ്രത്യേകതയാണ്.