കയ്പമംഗലം: സബ് രജിസ്ട്രാർ ഓഫീസിലെ ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക് സംവിധാനം വീണ്ടും തകരാറിലായതോടെ അപേക്ഷകർ പ്രതിസന്ധിയിൽ. മതിലകം സബ് രജിസ്ട്രാർ ഓഫീസിലാണ് ഇടയ്ക്കിടെ നെറ്റ്‌വർക്ക് സംവിധാനം പണിമുടക്കുന്നത്. ഇതുമൂലം കുടിക്കട സർട്ടിഫിക്കറ്റിനും മറ്റും അപേക്ഷിച്ച നിരവധി പേരാണ് ബുദ്ധിമുട്ടിലാകുന്നത്. ബാങ്കിൽ കൊടുക്കുന്നതിനും, വായ്പയെടുക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി അക്ഷയ കേന്ദ്രത്തിലൂടെയും, ആധാരം എഴുത്തുകാർ മുഖേന ഓൺലൈനിലൂടെയുമാണ് കുടിക്കടത്തിന് അപേക്ഷിക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ബി.എസ്.എൻ.എൽ അധികൃതരെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്.