
മാള: നിയുക്ത ശബരിമല മേൽശാന്തി രാജു സ്വാമിക്കും (ജയരാജ് പോറ്റി) മാളയിലെ ടി.എ മുഹമ്മദ് മൗലവിക്കും പരസ്പരം കണ്ടപ്പോൾ സ്നേഹം പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രമേൽ ആഴത്തിലുള്ള സൗഹൃദമാണ് ഇരുവരുടേതും. കണ്ടപാടെ മൗലവി സ്വാമിയോട് പറഞ്ഞു കൈ തരുന്നില്ല . കൊറോണ കാലമല്ലേയെന്ന്. പറഞ്ഞു തീരും മുമ്പേ മൗലവിയെ കെട്ടിപിടിച്ച് തിരുമേനി പറഞ്ഞു, പിതൃതുല്യനായ എന്റെ മൗലവിക്ക് മുന്നിൽ എന്ത് കൊറോണ. സ്വാമിയുടെ രണ്ട് മക്കളെയും സഹധർമ്മിണിയെയും വിളിച്ച് കുശലം പറഞ്ഞ് പരിചയം പുതുക്കിയപ്പോൾ ഉള്ളിൽ വിരിഞ്ഞ ചിരി മുഖത്ത് വിടർന്നു. വിശ്വാസങ്ങൾ പലതാകാം പക്ഷെ അത്മബന്ധങ്ങളാണ് വഴി കാട്ടേണ്ടത് എന്ന സന്ദേശമാണ് ഇരുവരും സമൂഹത്തിന് നൽകുന്നത്.
മണ്ഡപങ്ങളിൽ ഇന്ന് പൂജവെയ്പ്പ്
തൃശൂർ: നവരാത്രി മണ്ഡപങ്ങൾ ഒരുങ്ങി, ഇന്ന് പൂജവയ്പ്പ്. പതിവിൽ നിന്ന് വ്യത്യസ്തമായി ആഘോഷം ഇല്ലാതെയാണ് ഇത്തവണ നവരാത്രി ആഘോഷം നടക്കുന്നത്. ക്ഷേത്രങ്ങളിൽ കൊവിഡ് പ്രോട്ടോകാൾ പാലിച്ചായിരിക്കും ചടങ്ങുകൾ. പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുമെങ്കിലും പുറത്ത് നിന്ന് കൊണ്ടുവരുന്ന നിവേദ്യം ക്ഷേത്രത്തിലേക്ക് സ്വീകരിക്കില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കലാപരിപാടികളും മറ്റും നടക്കില്ല. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥ ക്ഷേത്രങ്ങളിൽ നവരാത്രിയുടെ ഭാഗമായി ഇന്ന് വൈകിട്ട് പൂജവയ്പ്പ് നടക്കും. നാളെയാണ് മഹാനവമി. ഇത്തവണ രണ്ട് ദിവസം അടച്ചു പൂജ ഉള്ളതിനാൽ തിങ്കളാഴ്ചയാണ് വിദ്യാരംഭം നടക്കുക. എഴുത്തിനിരുത്തൽ ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. മച്ചാട് കരുമത്ര നിറമംഗലം ക്ഷേത്രം, കുടുംബാട്ടുകാവ് ക്ഷേത്രം, തൃപ്രയാർ കിഴക്കെനട പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ വൈകിട്ട് പൂജവയ്പ്പ് നടക്കും.