ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കണക്ട് ടു വർക്ക് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ മുഖ്യാതിഥിയായി. അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഒരു സെന്റർ എന്ന നിലയിലാണ് ട്രെയിനിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏക സെന്ററാണ് കടപ്പുറം പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ളത്. അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് വ്യക്തിത്വ വികസനം, വ്യക്തിപരമായ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കൽ, പ്രയാസം കൂടാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കൽ തുടങ്ങിയ പരിശീലനമാണ് ട്രെയിനിംഗ് സെന്ററുകളിൽ നടപ്പാക്കുന്നത്. ഒരേ സമയം മുപ്പത്തി അഞ്ചോളം പേർക്കാണ് ട്രെയിനിംഗ് കൊടുക്കുന്നത്. വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ഹൈറുന്നീസ അലി തുടങ്ങിയവർ സംസാരിച്ചു.