തൃശൂർ: കൃഷിമന്ത്രിയുടെ നിയോജകമണ്ഡലത്തിൽ നിയമവിരുദ്ധമായി പുഴയ്ക്കൽ പാടം നികത്തിയും ബസ് സ്റ്റാൻഡ് വികസനപദ്ധതി അട്ടിമറിച്ചും സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിർമ്മാണാനുമതി നൽകിയതിൽ മന്ത്രി വി.എസ്.സുനിൽകുമാർ വിശദീകരണം നൽകണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ സർട്ടിഫിക്കറ്റ് പോലുമില്ലാതെ പാടം നികത്തി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തും, ഒത്താശ ചെയ്ത ഭരണ നേതൃത്വത്തിനെതിരായും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ പുഴയ്ക്കൽ പാടത്തെ വിവാദ സ്ഥലത്ത് കൊടികുത്തി സമരം നടത്തി. പ്രതിപക്ഷനേതാവ് രാജൻ.ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. സി.ബി. ഗീത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.