ചാലക്കുടി: സംസ്ഥാനത്തെ വരുമാന സോത്രസുകളിൽ മുഖ്യസ്ഥാനത്തുള്ള വിനോദ സഞ്ചാര മേഖലെ കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുമ്പൂർമുഴി ഗാർഡനിൽ നാല് കോടി രൂപ ചെലവ് ചെയ്ത് ഒരുക്കിയ രണ്ടാംഘട്ട നവീകരണ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികളാണ് ഇപ്പോൾ നാടിന് സമർപ്പിച്ചത്. ജനുവരി മാസത്തോടെ 55 പുതിയ പദ്ധതികൾകൂടി ഉദ്ഘാടനം ചെയ്യും. മഹാമാരി തളർത്തിയ കേരളത്തിന്റെ സംരക്ഷണത്തിനായി 100 കോടി രൂപയുടെ പാക്കേജാണ് ബാങ്കുകൾ മുഖേന സർക്കാർ നടപ്പാക്കിയത്. ഇത്തരം വായ്പ്പകൾക്ക് മൂന്ന് ശതമാനം മാത്രമാണ് പലിശ നൽകേണ്ടതുള്ളു. ബാക്കി ആറുശതമാനം സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിൽ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് 30 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ബി.ഡി. ദേവസി എം.എൽ.എ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്തംഗം ജയ തമ്പി, എക്‌സി.എൻജിനിയർ പി.എം. വിത്സൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണ പിള്ള, ഡി.എം.സി എക്‌സിക്യൂട്ടീവ് ഓഫീസർ മനേഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

........................................

ഒരുക്കിയിട്ടുള്ളത്

കുട്ടികളുടെ പാർക്ക് നവീകരണം, പുതിയ എ.സി. കോൺഫറൻസ് ഹാൾ, വൈദ്യുത വിളക്കുകൾ, കരിങ്കല്ലിൽ നിർമ്മിച്ച ഇരിപ്പടങ്ങൾ, കൽമണ്ഡപങ്ങൾ, ദീപാലങ്കാരത്തോടു കൂടിയ കർട്ടൻ ഫാൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, പുതിയ ടോയ്‌ലറ്റ് കെട്ടിടം, ജനറേറ്ററുകൾ, കരിങ്കല്ല് വിരിച്ച നടപ്പാതകൾ എന്നിയാണ് നവീകരണത്തിൽ ഉൾപ്പെടുന്നത്. തുമ്പൂർമുഴി ഗാർഡനിൽ പുതിയ ഷോപ്പിംഗ് ഏരിയയും നിർമ്മിച്ചിട്ടുണ്ട്.