document
പീലാർമുഴി-കുറ്റിച്ചിറ-കപ്പത്തോട് റോഡിന്റെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റെ ജെനീഷ് പി.ജോസ് ഏറ്റുവാങ്ങുന്നു

ചാലക്കുടി: വന്യജീവികളെ ഭയന്ന് സഞ്ചാരത്തിന് പുതിയ റോഡ് നിർമ്മിച്ചിരിക്കുകയാണ് പീലാർമുഴിയിലെ നാട്ടുകാർ. നിലവിലെ സഞ്ചാര പാതയായ കോട്ടാമല വെട്ടിക്കുഴി റോഡിൽ നേരം ഇരുട്ടിയാൽ ഒരുവിധ യാത്രയും സാധ്യമല്ലാത്തെ അവസ്ഥയാണ് ഉള്ളത്. തുടർന്നാണ് നാട്ടുകാർ ബദൽ സംവിധാനം ഒരുക്കിയത്. ഇതിനായി നിരവധി കർഷകർ തങ്ങളുടെ ഭൂമി വിട്ടുനൽകി. ഒന്നര കിലോ മീറ്റർ നീളത്തിലുള്ള റോഡിനായി പലകർഷകരും ഏറെ സന്തോഷത്തോടെയാണ് സ്ഥലം സമ്മാനിച്ചത്. കോട്ടാമല റോഡിലൂടെ സഞ്ചരിക്കുമ്പോൾ ജീവനു തന്നെ ഭീഷണിയുള്ളപ്പോൾ കുറേ സ്ഥലം പോയാലെന്ത് എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.

ഏതാനും മാസങ്ങൾക്കിടയിൽ രാത്രിയിൽ ബാക്കിൽ സഞ്ചരിച്ച പത്തോളം പേരം വന്യമൃഗങ്ങൾ ആക്രമിച്ച സംഭവങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നടപ്പാത ആറുമീറ്ററോളം വീതിയാക്കിയാണ് പുതിയ റോഡ് നിർമ്മിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ പീലാർമുഴി കുറ്റിച്ചിറ കപ്പത്തോട് റോഡ് പഞ്ചായത്തിന് സമർപ്പിച്ചു. പ്രസിഡന്റ് ജെനീഷ് പി.ജോസ് രേഖകൾ ഏറ്റുവാങ്ങി. പഞ്ചായത്തംഗം ജിപ്‌സി ജെയ്റ്റസ് അദ്ധ്യക്ഷയായി. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷശശിധരൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, സുനിൽ കല്ലുമട, ജെയിംസ്, ടി.എം. രാജൻ, ഗോപൻ പൊന്നമ്പി, കരുണാകരൻ കല്ലുമട എന്നിവർ പ്രസംഗിച്ചു.