paddy

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കേ കോർപറേഷൻ ഭരണ സമിതിയെ പ്രതികൂട്ടിലാക്കി പാടം നികത്തൽ വിവാദം. പുഴയ്ക്കലിൽ നിയമവിരുദ്ധമായി പാടം നികത്തിയും ബസ് സ്റ്റാന്റ് വികസനപദ്ധതി അട്ടിമറിച്ചും സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിർമ്മാണാനുമതി നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്‌ രംഗത്ത് എത്തിയതോടെ ആണ് വിവാദത്തിന് തിരി കൊളുത്തിയത്. കൃഷി വകുപ്പിന്റെ സർട്ടിഫിക്കറ്റ് പോലുമില്ലാതെ പാടം നികത്തി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയെന്ന് പ്രതിപക്ഷം പറയുന്നു. രണ്ടര ഏക്കർ പാടശേഖരത്തിൽ സ്വകാര്യ കെട്ടിടനിർമ്മാണ അനുമതി നൽകിയത് അജിത ജയരാജൻ മേയറായിരിക്കെയാണെങ്കിലും അതിനനുസൃതമായി കൗൺസിൽ അറിയാതെ മാസ്റ്റർപ്ലാൻ പരിഷ്കരിച്ചു പുഴയ്ക്കൽ പാടം മിൽസഡ് സോണാക്കി സർക്കാരിലേക്ക് അംഗീകാരത്തിന് അയച്ചത് സി.പി.ഐ മേയർ അജിത വിജയൻ ആണെന്നും സി.പി.ഐ മേയറുടെ നടപടിയിൽ മൗനം പാലിക്കുന്ന കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതേസമയം, വിഷയത്തിൽ ആവശ്യമായ പരിശോധന നടത്തുമെന്ന് മേയർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയും തെളിയുന്നുണ്ട്. പുഴയ്ക്കൽ പാടം വികസനത്തിനും ബസ് സ്റ്റാന്റ് നിർമ്മാണത്തിനുമുള്ള ആസൂത്രിത വികസന പദ്ധതിക്കെതിരെ മൂന്ന് തവണ കൊടികുത്തി സമരം നടത്തിയവരാണ് സി.പി.എമ്മും അവരുടെ കർഷക - കാർഷിക തൊഴിലാളി സംഘടനകളെന്നും അവർ തന്നെ പാടശേഖരത്തിന്റെ അന്തകരാകുകയാണെന്നും പിന്നിൽ കോടികളുടെ അഴിമതിയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലൈസൻസ് റദ്ദാക്കിയാലും ഇല്ലെങ്കിലും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാടം നികത്തൽ ചർച്ചയാകും.

പാടം നികത്തിയതിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ വിശദീകരണം നൽകണം. അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. ഒത്താശ ചെയ്ത ഭരണ നേതൃത്വത്തിനെതിരെയും വിജിലൻസ് അന്വേഷണം വേണം

രാജൻ പല്ലൻ,

പ്രതിപക്ഷ നേതാവ്

ക്രമവിരുദ്ധമായാണോ കെട്ടിടം നിർമ്മിക്കുന്നതെന്ന് പരിശോധിക്കും. ഇന്ന് പുഴയ്ക്കലിലെ സ്ഥലം സന്ദർശിച്ചു തീരുമാനം എടുക്കും.

അജിത ജയരാജൻ

മേയർ

സംഭവത്തെ കുറിച്ച് അന്വഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്

മന്ത്രി വി. എസ്. സുനിൽ കുമാർ