ccic

തൃശൂർ: കസ്റ്റഡി മരണങ്ങളും മർദ്ദനങ്ങളും മൂന്നാംമുറയും പൊലീസിനെ തുടർച്ചയായി പ്രതിക്കൂട്ടിലാക്കുമ്പോൾ, കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ പാർപ്പിക്കുന്നതിനും തൃശൂരിൽ കേന്ദ്രീകൃത സംവിധാനം വരുന്നു. സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന കേന്ദ്രത്തിൽ പ്രതികളെ പാർപ്പിക്കുന്നതിന് കെട്ടിട സമുച്ചയത്തിൽ പ്രത്യേകമായി സജ്ജീകരിച്ച മുറിയുണ്ടാകും. കെട്ടിടത്തിന്റെ ഗേറ്റ് മുതൽ അകവും പുറവും വരാന്തകളും 360 ഡിഗ്രി സി.സി.ടി.വി കാമറ നിരീക്ഷണത്തിലാകും. കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന പ്രതികൾ, ഏതെല്ലാം ഉദ്യോഗസ്ഥർ പ്രതികളുടെ അടുത്തേക്ക് വരുന്നു എന്നത് അടക്കം 24 മണിക്കൂറും റെക്കാഡ് ചെയ്യും. ആധുനിക രീതിയിൽ സജ്ജീകരിച്ച ചോദ്യം ചെയ്യൽ മുറിയായിരിക്കും. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യപ്പെടുന്നയാൾക്ക് കാണാൻ കഴിയില്ല. ചോദ്യം ചെയ്യുന്ന വിവരങ്ങളും പ്രതികൾ പൊലീസിന് നൽകുന്ന മൊഴികളും ഓഡിയോ – വീഡിയോ സംവിധാനം വഴി രേഖപ്പെടുത്തും. ഇത്തരം തെളിവുകൾ കേസന്വേഷണത്തിൽ വിജയകരമായി ഉപയോഗപ്പെടുത്താനാകും. കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന പ്രതികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും സംവിധാനമുണ്ടാകും. ചോദ്യം ചെയ്യുന്നതിന് മുമ്പും ശേഷവും മെഡിക്കൽ പരിശോധനയുണ്ടാകും.

'റിഫ്‌ളക്ഷൻ' ഉദ്ഘാടനം 26 ന്

ആധുനിക ചോദ്യം ചെയ്യൽ മുറിയും കേന്ദ്രീകൃത കസ്റ്റഡി സംവിധാനവുമുള്ള (മോഡേൺ ഇൻ്ററോഗേഷൻ റൂം ആൻഡ് സെൻട്രൽ കസ്റ്റോഡിയൽ ഫെസിലിറ്റി) കേന്ദ്രത്തിന് റിഫ്‌ളക്ഷൻ എന്നാണ് പേര്. പ്ലാൻ ഫണ്ടിൽ വകയിരുത്തി, രാമവർമ്മപുരം തൃശൂർ സിറ്റി പൊലീസ് എ.ആർ ക്യാമ്പിന് സമീപത്താണ് കെട്ടിടം. 26 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ എന്നിവർ പങ്കെടുക്കും.


മറ്റ് സവിശേഷതകൾ

പ്രത്യേക മാർഗരേഖ


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശം പൂർണമായും ഉൾക്കൊണ്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ. പ്രവേശിപ്പിക്കപ്പെടേണ്ട പ്രതികൾ ആരൊക്കെ, പ്രതികളെ നിരീക്ഷിക്കേണ്ട രീതികൾ, ചോദ്യം ചെയ്യൽ രീതികൾ, ഭരണരീതി, ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കുന്നത്, കൂടിക്കാഴ്ച-വാർത്താവിനിമയം, നടത്തിപ്പും മേൽനോട്ടവും, സുരക്ഷയ്ക്കുളള പൊലീസുദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയവ മാർഗരേഖയിലുണ്ട്.

ലക്ഷ്യങ്ങൾ


വിശ്വസനീയവും കാര്യക്ഷമവുമായ ചോദ്യം ചെയ്യൽ കേന്ദ്രത്തിലൂടെ ഔദ്യോഗിക ജോലികളിലും നിയമാനുസൃത പ്രവർത്തനങ്ങളിലും സുരക്ഷിതത്വം
കാര്യക്ഷമവും ശാസ്ത്രീയവുമായ ചോദ്യം ചെയ്യൽ സംവിധാനം വഴി കസ്റ്റഡി മരണം ഇല്ലാതാക്കുക.
പൊലീസ് കസ്റ്റഡിയിൽ മനുഷ്യാവകാശ ലംഘനങ്ങളും, അതിക്രമങ്ങളും ഇല്ലാതാക്കുക.
ഭദ്രവും സുരക്ഷിതവും വൃത്തിയുള്ളതുമായ പൊലീസ് കസ്റ്റഡി സംവിധാനം നിലനിറുത്തുക.

പൊലീസ് കസ്റ്റഡി നടപടിക്രമങ്ങളിൽ സംസ്ഥാനവ്യാപകമായി ഏകീകൃത സ്വഭാവം കൊണ്ടുവരിക.