k-surendran

തൃശൂർ: സ്വർണക്കടത്തിന്റെ ​ഗൂഢാലോചനയിൽ എം. ശിവശങ്കറിന് പങ്കുണ്ടെന്ന ഇ.ഡിയുടെ റിപ്പോർട്ട് സർക്കാരിന്റെ വാദങ്ങൾ പൊളിക്കുന്നതാണെന്നും ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ സമരം ശക്തമാക്കും. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് സമരശ‍ൃംഖല നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50 മീറ്റർ വ്യത്യാസത്തിൽ അഞ്ച് പേരെ പങ്കെടുപ്പിച്ചാണ് നിൽപ്പുസമരം നടത്തുന്നത്. കൊവിഡ് രോ​ഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്.

ടെസ്റ്റ് പൊസിറ്റിവിറ്റിയുടെ കാര്യത്തിൽ കേരളം ഒന്നാമതാണ്. മരണനിരക്ക് കുറ‍ഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സർക്കാർ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. സർക്കാരിന് ഉപദേശം നൽകുന്നവർക്ക് ശാസ്ത്രീയബോധമില്ല. കള്ളക്കടത്തുകാരെയും മാഫിയകളേയും സംരക്ഷിക്കുന്ന സർക്കാർ കൊവിഡ് പ്രതിരോധത്തെ അവ​ഗണിക്കുകയാണ്. സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം. കുമ്മനം രാജശേഖരനെതിരെ പരാതിയില്ലാതിരുന്നിട്ടും കേസെടുത്തു. പൊലീസിനെ ചട്ടുകമാക്കി ബി.ജെ.പി നേതാക്കളെ ആക്രമിച്ചാൽ കൈയും കെട്ടിയിരിക്കില്ലെന്നും കേരളത്തിലെ പൊലീസിന്റെ മുകളിലും പൊലീസുണ്ടെന്ന് ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.