കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേഖലയിൽ അവയവ വ്യാപാര മാഫിയ സജീവമാണെന്ന വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വൃക്ക ദാനവുമായി ബന്ധപ്പെട്ടാണ് മേഖലയിൽ റാക്കറ്റ് പ്രവർത്തിക്കുന്നതെന്നാണ് വിവരം.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സമീപകാലത്ത് ഇരുപത്തിയഞ്ചോളം പേർ വൃക്ക ദാനം ചെയ്തിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി സുദർശനനാണ് അന്വേഷണച്ചുമതല.
കൊടുങ്ങല്ലൂരിൽ മൂന്ന് കോളനികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വൃക്ക കച്ചവടം നടന്നിട്ടുള്ളത്. അഴീക്കോട് വില്ലേജിലെ തീരദേശ കോളനി, പുല്ലൂറ്റ് വില്ലേജിലെ കോളനി, എറിയാട് വില്ലേജിലെ കോളനി എന്നിവിടങ്ങളിലാണ് അവയവദാതാക്കൾ ഏറെയുമുള്ളത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന അനധികൃത വൃക്ക ഇടപാടുകൾ നിരവധിയാണ്. ഒരു വൃക്കക്ക് ആവശ്യക്കാരൻ ഇരുപത് ലക്ഷം മുതൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ വില നൽകേണ്ടി വരും.
എന്നാൽ വൃക്ക ദാതാവിന് അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെ മാത്രമാണ് പ്രതിഫലമായി ലഭിക്കുക.
ബാക്കി തുക പല തട്ടിലുള്ള ഇടനിലക്കാർ കൈക്കലാക്കും. കടബാദ്ധ്യത തീർക്കാനും, സാമ്പത്തിക ലാഭം പ്രതീക്ഷിച്ചുമാണ് സാധാരണക്കാർ തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴുന്നത്.
സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത്, അതിൽ അംഗമായിട്ടുള്ള ആശുപത്രികൾ വഴി മാത്രമായിരിക്കണം അവയവക്കൈമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാതെയും ചെയ്തും അവയവക്കൈമാറ്റം നടക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഗുരുതരം, ഗൗരവതരം

കൊടുങ്ങല്ലൂരിൽ അടുത്തിടെ നടന്നത് 25 ഓളം വൃക്കദാനം

അന്വേഷണം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

അന്വേഷണച്ചുമതല തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി സുദർശന്

ആവശ്യക്കാരൻ 20 ലക്ഷം നൽകുന്നു, അവയവം നൽകുന്നവന് 5 ലക്ഷം

മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാത്തവർക്കും അവയവകൈമാറ്റം

അവയവദാനം ഏറെയും 3 കോളനികളിൽ

അഴീക്കോട് വില്ലേജിലെ തീരദേശ കോളനി, പുല്ലൂറ്റ് വില്ലേജിലെ കോളനി, എറിയാട് വില്ലേജിലെ കോളനി എന്നിവിടങ്ങളിൽ