 
പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കാട് അസിസ്റ്റന്റ് എൻജിനിയർ ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു
പുതുക്കാട്: ബസാർ റോഡിന്റെ നവീകരണ പ്രവൃത്തികൾ കണ്ടാൽ തോന്നും ഇത് ആർക്കോ വേണ്ടി ചെയ്യുന്നതാണെന്ന്. പ്രവർത്തികൾ ആരംഭിച്ചിട്ട് ഒരു വർഷമായി. ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം നവീകരണത്തെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. റോഡിന് ഇരു വശത്തും കൈയ്യേറ്റം ഉണ്ടായിരുന്നെന്ന് എല്ലാവർക്കും അറിയാം. പണ്ട് കാളവണ്ടികൾ മാത്രം സഞ്ചരിച്ചിരുന്നപ്പോൾ കടകൾ അല്പാല്പം റോഡിലേക്ക് ഇറക്കി. ആദ്യകാലത്ത് ഇതൊരു പ്രശ്‌നമായിരുന്നില്ല ആർക്കും. എന്നാൽ നവീകരണം ആരംഭിച്ചപ്പോൾ കൈയ്യേറിയ സ്ഥലം വിട്ടു നൽകാൻ പലർക്കും മടി. ചിലർ കോടതിയിൽ പോയി സ്റ്റേ വാങ്ങി.
പൊതുമരാമത്ത് വകുപ്പിന് സുഗമമായി നിർമ്മാണം നടത്താൻ സ്ഥലം ലഭ്യമാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ട ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഇരട്ട താപ്പ്. തങ്ങൾക്ക് വേണ്ടപെട്ടവരുടെ സ്ഥലം പൊളിച്ചുമാറ്റാൻ സാവകാശം നൽകലാണ് നടക്കുന്നത്. അവസാന സമയത്ത് അവർ സ്റ്റേ വാങ്ങും.
തടസമുണ്ടാക്കുന്നിടത്ത് കിട്ടിയ സ്ഥലത്ത് നിർമ്മാണം നടത്തിയാൽ മതി എന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക്. നാട്ടുകാർക്ക് വേണ്ടങ്കിൽ അവർക്കെന്താ ?
സ്വമനസാൽ സ്ഥലം നൽകിയവരെ വിഢികളാക്കുന്ന നിലയാണ് ഇപ്പോൾ കാര്യങ്ങൾ. ചിലർ സ്റ്റേ വാങ്ങി മിടുക്കരായി.
സ്ഥലം വിട്ടു നൽകാൻ തയ്യാറല്ലാത്ത വികസന വിരോധികളെയും അതിന് സൗകര്യം ഒരുക്കി കൊടുക്കുന്നവരെയും നാട്ടുകാർ ഒറ്റപെടുത്തുന്ന സ്ഥിതിയാണിപ്പോൾ.
................
പദ്ധതി കൊള്ളാം, പക്ഷേ പാതിവഴിയിൽ
എം.എൽ.എ കൂടിയായ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പ്രത്യേക താൽപര്യം എടുത്താണ് നവീകരണത്തിന് മൂന്ന് കോടി രൂപ അനുവദിച്ച് അനുമതി ലഭ്യമാക്കിയത്. റോഡിന് ഇരുവശത്തും കോൺക്രീറ്റ് കാനകൾ, കേബിൾ, പൈപ്പ് ലെയിൻ തുടങ്ങിയവക്ക് മറ്റൊരു കാന, കാനക്കു മുകളിൽ സ്ലാമ്പ് നിരത്തി ടയിലുകൾ പാകി നടപ്പാത ഇതൊക്കെയാണ് പദ്ധതി. 800 മീറ്റർ മാത്രം വരുന്ന പാതയുടെ കോൺക്രീറ്റ് കാന പോലും മുഴുവനാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
പുതുക്കാട്: ഒരു വർഷത്തിലധികമായി തകർന്നു കിടക്കുന്ന ബസാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കാട് അസിസ്റ്റന്റ് എൻജിനിയർ ഓഫീസിനു മുമ്പിൽ ഉപരോധസമരം നടത്തി. ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ സമരത്തിൽ സി.സി. സോമസുന്ദരൻ, സ്റ്റാൻലോ ജോർജ്ജ്, സി.കെ. ദിൽ, ലിൻസൻപല്ലൻ, സി.ജെ. നെൽസൺ, ഷാജു ചക്കുംപീടിക എന്നിവർ പങ്കെടുത്തു. റോഡ് നവീകരണം പൂർത്തിയാക്കുക, നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, റോഡിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റഭൂമി പൂർണ്ണമായും ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.