
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ചിറമനേങ്ങാട് സ്വദേശിനിയായ കൊവിഡ് രോഗിയോട് അനാസ്ഥ കാണിച്ചുവെന്ന പ്രചാരണം നിർഭാഗ്യകരമാണെന്ന് പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസ്. രോഗി വിഭ്രമാവസ്ഥയിൽ പ്രവേശിക്കപ്പെട്ടയാളാണ്. കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ നഴ്സിംഗ് സ്റ്റേഷന് അടുത്തുള്ള മുറിയിലാണ് പരിചരിച്ചിരുന്നത്.
നിർഭാഗ്യവശാൽ രോഗി കട്ടിലിൽ നിന്ന് വീണു. തലയിൽ മുറിവ് ഉണ്ടായി. ഉടൻ സ്റ്റിച്ച് ഇടുകയും ചെയ്തു. സി.ടി. സ്കാൻ ചെയ്ത് ആന്തരികക്ഷതം ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന മെഡിക്കൽ കോളേജിനെ കളങ്കപ്പെടുത്തുന്ന പ്രചാരണമാണിതെന്നും പ്രിൻസിപ്പൽ പറഞ്ഞു. രോഗികൾക്ക് കട്ടിലുകളിൽ നിന്നും താഴെ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ ഒന്നും ഒരുക്കാതെ വയോധികയെ കട്ടിലിൽ തുണികൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ഗ്ളൂക്കോസും മരുന്നും മറ്റും ഡ്രിപ്പ് ആയി നൽകുമ്പോൾ വിഭ്രമാവസ്ഥയിലുളള രോഗികളുടെ കൈകൾ കെട്ടിയിടേണ്ടി വരാറുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. കൂട്ടിരിപ്പുകാർ ഇല്ലാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടിവരുമെന്നും മറ്റ് വാർഡുകളിലും ഈ രീതി ഉണ്ടാകുമെന്നുമാണ് ജീവനക്കാർ പറയുന്നത്.
മന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 67 വയസ് പ്രായമുള്ള വയോധികയുടെ കൊവിഡ് ചികിത്സയിലെ പിഴവ് ഒറ്റപ്പെട്ട സംഭവമല്ലെന്നും പൊതുആരോഗ്യവിഭാഗത്തിന്റെയും, ആരോഗ്യ വിദ്യാഭ്യാസ വിഭാഗത്തിന്റെയും ഉന്നതതല യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നൽകി. നാഷണൽ ഹെൽത്ത് മിഷൻ പോലുള്ള സംവിധാനത്തിലൂടെ കൊവിഡ് വാർഡുകളിൽ രോഗികളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് സൈക്കോളജിസ്റ്റ് അടക്കമുള്ള ജീവനക്കാരെ വിന്യസിച്ച് ജില്ലയിലെ കൊവിഡ് ചികിത്സാ സംവിധാനം കുറ്റമറ്റതാക്കണം. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും രോഗം മൂർച്ഛിച്ചതോടെ, മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ മെഡിക്കൽ കോളേജിൽ ഞായറാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇത്തരം രോഗികൾക്ക് കട്ടിലുകളിൽ നിന്നും താഴെ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ ഒന്നും ഒരുക്കാതെ വയോധികയെ കട്ടിലിൽ തുണികൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവതിയുടെ മൃതശരീരം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടും പിറ്റേദിവസം ഒന്നോടെയാണ് കൊവിഡ് പരിശോധനയ്ക്കായുള്ള സാമ്പിൾ മെഡിക്കൽ കോളേജിലെത്തിച്ചതെന്നും എം.പി. ആരോപിച്ചു.