
ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി സദ്യയ്ക്കും നിവേദ്യത്തിനുള്ള വിഭവങ്ങളടങ്ങിയ തണ്ടിക പോട്ടയിലെ ദേവസ്വം പ്രവൃത്തി കച്ചേരിയിൽ നിന്നും കൊണ്ടുപോയി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പ്രസാദ ഊട്ട് അടക്കമുള്ള മറ്റ് ചടങ്ങുകളും ഒഴിവാക്കി.
നാട്ടുകാർക്ക് പ്രവൃത്തി കച്ചേരി വളപ്പിലേയ്ക്കുള്ള പ്രവേശനം അനുവദിച്ചില്ല. ചടങ്ങുകൾ ലഘൂകരിച്ചതിനാൽ അഞ്ചര തണ്ട് കായകളാണ് ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചത്. മുൻ വർഷങ്ങളിൽ ഇത് പത്തര തണ്ടായിരുന്നു. നാലര തണ്ട് നേന്ത്രപ്പഴം, ഒരു തണ്ട് കദളിക്കുലകൾ, അരിയടങ്ങുന്ന രണ്ടു വട്ടി, കാർഷിക വിഭവങ്ങൾ ഉൾക്കൊള്ളുന്ന ചെറുപൊതി എന്നിവയായിരുന്നു തണ്ടികയിലെ മറ്റു ഇനങ്ങൾ. ശംഖു വിളിയുടെയും വാളും പരിചയുമേന്തിയ പരിചാരകന്റെയും അകമ്പടിയോടെയാണ് കാൽനടയായി സംഘം ഇരിങ്ങാലക്കുടയിലേയ്ക്ക് പോയത്. ദേവസ്വം ചെയർമാൻ പ്രദീപ് യു.മേനോൻ, അഡ്മിനിസ്ട്രേറ്റർ എൻ.എം സുമ, എൻ.എസ്.എസ് ഭാരവാഹികളായ കെ.ജി സുന്ദരൻ, വത്സൻ ചമ്പക്കര തുടങ്ങിയവർ സന്നിഹിതരായി. എസ്.ഐ: കെ.കെ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ടായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് തണ്ടിക പുറപ്പാട് സംഘടിപ്പിച്ചത്. ഉദരരോഗത്തിന് പരിഹാരമായിട്ടാണ് കൂടൽമാണിക്യം ദേവന്റെ പ്രസാദം ഭക്തർ സേവിച്ചിരുന്നത്. തുലാമാസത്തിലെ തിരുവോണ നാളിൽ മുക്കുടി സദ്യ സേവിച്ച സ്വാമിയുടെ വയറ് വേദനിച്ചെന്നും പ്രതിവിധിയായി അവിട്ടം ദിനത്തിൽ മുക്കുടി നിവേദ്യം കഴിച്ച് സുഖപ്പെട്ടു എന്നുമാണ് ഐതിഹ്യം. ചടങ്ങുകൾക്ക് കർഷക ഭൂമിയായ പോട്ടയിൽ നിന്നും വിഭവം കൊണ്ടുപോകുന്നതാണ് തണ്ടികപുറപ്പാട്. ഇത്തരം ആഘോഷത്തിലെ പ്രധാനയിനമാണ് പ്രസാദയൂട്ട്. ക്ഷേത്രം ഭൂമിയിൽ എൻ.എസ്.എസ് കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിൽ വിളയിച്ചെടുത്ത നേന്ത്രക്കുലകളാണ് ദേവന് മുന്നിൽ സമർപ്പിച്ചത്.