വരന്തരപ്പിള്ളി: വ്യാജ സ്വർണ്ണാഭരണം നിർമ്മിച്ച് പണയംവച്ച് തട്ടിപ്പ് നടത്തിയ കേസിൽ വ്യാഴാഴ്ച പിടിയിലായ പ്രതികളിൽ ഒരാൾക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌.ഐ അടക്കം എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാന്റ് ചെയ്തു. കൊവിഡ് പോസിറ്റീവായ പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുക്കാൽ കിലോഗ്രാം വ്യാജ സ്വർണ്ണം പണയം വച്ച് 20 ലക്ഷത്തോളം രൂപ നാലു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും തട്ടിയെടുത്ത കേസിൽ വ്യാഴാഴ്ചയാണ് മൂന്ന് പേരെ വരന്തരപ്പിള്ളി അറസ്റ്റു ചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ്. ജില്ലയിൽ മറ്റിടങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും ഇത് ശരിയാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.