 
വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ തിരുമംഗലം യു.പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം ഇന്ന് സമർപ്പിക്കും. രാവിലെ 10. 30ന് കേണൽ ഇ.വി കൃഷ്ണൻ ഓൺലൈനിലൂടെ മന്ദിര സമർപ്പണം നടത്തുമെന്ന് സ്കൂൾ വികസനകമ്മിറ്റി കൺവീനറും പഞ്ചായത്ത് പ്രസിഡന്റുമായ പി.എൻ ജ്യോതിലാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കവി പി.എൻ ഗോപീക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 1895 ൽ വടുക്കുംഞ്ചേരി ശങ്കരൻകുട്ടി മാസ്റ്റർ സ്ഥാപിച്ച സ്കൂൾ 123 വർഷം പിന്നിട്ടു. ജനകീയ പങ്കാളിത്തത്തോടെയാണ് 30 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകെട്ടിടത്തിന്റെ പണി ആരംഭിച്ചത്. മൊത്തം 8 ക്ളാസ് മുറികളോടെയാണ് കെട്ടിടനിർമ്മാണം. താഴത്തെ നിലയിൽ 4 മുറികളുടെ നിർമ്മാണം പൂർത്തിയായി. മുകളിലത്തെ നിലയുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്നും കൺവീനർ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് റീന തോമസ് സി, ഒ.എസ്.എ കൺവീനർ പ്രകാശ് കടവിൽ, അദ്ധ്യാപകനായ രമേശൻ പി. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.