
തൃശൂർ: 144 ഉൾപ്പെടെ കർശന നിയന്ത്രണങ്ങളുള്ളപ്പോഴും പിടിച്ചു നിറുത്താൻ സാധിക്കാത്ത വിധം കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണം കാറ്റിൽ പറത്തി ആളുകൾ കൂട്ടം കൂടുന്നു.
കൊവിഡ് പൊസിറ്റീവ് കേസുകളിൽ മിക്ക ദിവസവും തൃശൂരാണ് ഒന്നാം സ്ഥാനത്ത്. ഏതാനും ദിവസമായി ആയിരത്തിന് മുകളിലാണ് പ്രതിദിന പൊസിറ്റീവ് കേസുകൾ. ഇതുവരെ 20,000 ൽ ഏറെ രോഗികളാണ് ഒക്ടോബർ മാസത്തിൽ മാത്രം ഉണ്ടായിട്ടുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം നിലനിൽക്കുമ്പോഴും തേക്കിൻകാട്ടിൽ ആൾക്കൂട്ടം കൂടിത്തുടങ്ങി. നിരവധി വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. അവധി ദിനങ്ങളിൽ പല സ്ഥലങ്ങളിലും അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നതും പതിവാകുന്നുണ്ട്.
കൊവിഡ് വ്യാപനത്തോടെ നിരവധി പഞ്ചായത്തുകൾ ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണിലാണ്. പല പഞ്ചായത്തുകളിലും 200 മുതൽ 300 പേർ വരെ രോഗികളാണ്. നിലവിൽ 40 ഓളം പഞ്ചായത്തുകൾ കൊവിഡിന്റെ വലിയ ഭീഷണി നേരിടുന്നവയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 80 ശതമാനത്തിലെ പഞ്ചായത്തുകളിലും കൊവിഡ് പൊസിറ്റീവ് കേസുകൾ നിലവിൽ ഉണ്ട്.
കടകളിൽ പരിശോധന
രോഗവ്യാപനം കൂടിയതോടെ കഴിഞ്ഞ ഏതാനും ദിവസമായി കടകളിലും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസ് മഫ്റ്റിയിലും പരിശോധനയുമായി രംഗത്തുണ്ട്. കടകളിൽ ഉള്ളവരും സാധനം വാങ്ങാൻ വരുന്നവരും മാസ്ക് വെച്ചിട്ടില്ലെങ്കിൽ അപ്പോൾ തന്നെ പിഴ ഈടാക്കുന്നുണ്ട്. മാസ്ക് ശരിയായി വയ്ക്കാത്തവർക്കെതിരെയും നടപടിയുണ്ട്. പൊലീസിന് പുറമെ സർക്കാരിന്റെ മറ്റ് സംവിധാനങ്ങളും പരിശോധനയുമായി രംഗത്തുണ്ട്. 200 രൂപയാണ് പിഴയായി ചുമത്തുന്നത്. ഒന്നിൽ കൂടുതൽ തവണ പിടിക്കപ്പെട്ടാൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
വാഹന പരിശോധന
മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന വർദ്ധിപ്പിച്ചു. മാസ്ക് ധരിക്കാത്തതിന് പുറമെ മറ്റു നിയമലംഘനങ്ങൾക്കും പിഴ ചുമത്തുന്നുണ്ട്. ഒന്നാം തിയതി മുതൽ ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈൻസൻസ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുണ്ട്.
നിയോജക മണ്ഡലംതല യോഗം
കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനായി എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലതലങ്ങളിൽ യോഗം ചേർന്നു തുടങ്ങി. കൊവിഡ് രോഗികൾ വർദ്ധിച്ച സാഹചര്യത്തിലാണ് യോഗം. ആളുകൾ കൂടാനിടയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം കൃത്യമായി ഉപദേശം നൽകും. മാർക്കറ്റുകളിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരികയും പ്രതിരോധ പ്രവർത്തനം നടത്തുകയും ചെയ്യും. പൊലീസ് പരിശോധന കർശനമാക്കാനും ജനപ്രതിനിധികളുടെയും ആർ.ആർ ടീമിന്റെയും സഹായത്തോടെ പ്രവർത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു