
മാള: ശബരിമലയിൽ ഭരണ തന്ത്രവും മന്ത്രവുമായി പടികയറുക രണ്ട് മാളക്കാർ. ശബരിമല മേൽശാന്തിയായി വി.കെ ജയരാജ് പോറ്റിയും
എ.ഡി.എം ആയി അരുൺ കെ. വിജയനുമാണ് പ്രവർത്തിക്കുക. തൃശൂർ വികസന കമ്മിഷണർ സ്ഥാനത്ത് നിന്നാണ് മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനായ അരുൺ കെ. വിജയൻ അപ്രതീക്ഷിതമായാണ് ശബരിമലയിലേക്ക് ചുമതല ലഭിച്ചത്.
ശബരിമല മേൽശാന്തിയായി ചുമതലയേൽക്കുന്ന മാള പൂപ്പത്തി സ്വദേശി വാരിക്കാട്ട്മഠത്തിൽ വി.കെ ജയരാജ് പോറ്റി മാളികപ്പുറം മുൻ മേൽശാന്തിയാണ്. താഴേക്കാട് നാറാണത്ത് ക്ഷേത്രത്തിലെ മേൽശാന്തി പദവിയിൽ നിന്നാണ് ശബരിമലയിൽ അയ്യപ്പനെ പൂജിക്കാനുള്ള നിയോഗം ലഭിച്ചിട്ടുള്ളത്.
തൃശൂരിൽ പുതിയ തസ്തികയിൽ രണ്ട് ദിവസം മാത്രം സേവനം ചെയ്ത ശേഷമാണ് അരുൺ ശബരിമലയിലേക്ക് നിയോഗിച്ചത്.
ശബരിമലയിൽ രണ്ട് വർഷമായി നിയമനടപടികൾക്കായി എ.ഡി.എം തസ്തികയിൽ സേവനമുണ്ട്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കാഞ്ഞങ്ങാട് സബ് കളക്ടർ, തൃശൂർ ഡെവലപ്‌മെന്റ് കമ്മിഷണർ എന്നീ തസ്തികകളിൽ ചുമതല നിർവഹിച്ച ശേഷമാണ് ഈ മാളക്കാരനായ 2016 ബാച്ച് ഐ.എ.എസുകാരൻ ശബരിമലയിൽ എ.ഡി.എം ആയത്. മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയാണ് നാടിനാകെ അഭിമാനകരമായ നിലയിലേക്ക് ശബരിമലയിൽ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ഭാര്യ സെവിൽ ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു. പൂപ്പത്തി ചുള്ളൂർ മാണിയത്തുകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഏഴ് വർഷം മേൽശാന്തിയായിരുന്നു ജയരാജ് പോറ്റി. ഇതിനിടയിലാണ് മാളികപ്പുറം മേൽശാന്തിയാകുന്നത്. 35 വയസുള്ളപ്പോഴാണ് മാളികപ്പുറം മേൽശാന്തിയായത്.